Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെയില്ല: ജില്ലാ വികസന കൗൺസിൽ രൂപീകരിച്ച് കേന്ദ്രം

ജമ്മു കശ്മീരിൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോഴാണ് കേന്ദ്രത്തിൻ്റെ അപ്രതീക്ഷിത നീക്കം. ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്. 

Center formed district development councils in Jammu kashmir
Author
Jammu, First Published Oct 18, 2020, 11:23 AM IST

ശ്രീനഗർ/ദില്ലി: ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനുള്ള സാധ്യത മങ്ങി. ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗൺസിലുകൾ രൂപീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാൻ ആറു പ്രമുഖ കക്ഷികൾ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം.

ജമ്മു കശ്മീരിൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാർട്ടികൾ നിലപാട് കടുപ്പിക്കുമ്പോഴാണ് കേന്ദ്രത്തിൻ്റെ അപ്രതീക്ഷിത നീക്കം. ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗൺസിലുകൾ സ്ഥാപിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവ്. ഇതിനായി നിയമഭേദഗതി നടപ്പാക്കി ഓർഡിനൻസ് പുറത്തിറക്കി. പതിനാല് അംഗങ്ങൾ വീതമുള്ള ജില്ലാ കൗൺസിലുകൾ സ്ഥാപിക്കാനാണ് നിർദ്ദേശം. 

കൗൺസിൽ അംഗങ്ങളെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കും. അംഗങ്ങൾ അദ്ധ്യക്ഷൻ അല്ലെങ്കിൽ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവിൽ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോർഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് കേന്ദ്ര പ്രഖ്യാപനം. 

നേരത്തെ ജമ്മു കശ്മീർ നിയമസഭയിലേക്ക് ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. മണ്ഡല പുനർനിർണയത്തിന് സമിതി രൂപീകരിച്ചെങ്കിലും നടപടി വൈകുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി നാഷണൽ കോൺഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ, സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് താരിഗാമി തുടങ്ങിയവർ ഒത്തു ചേർന്ന് കേന്ദ്രതീരുമാനങ്ങൾക്കെതിരെ യോജിച്ച നിലപാടെടുക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios