ദില്ലി: ദില്ലി നഗരത്തിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 1800 കുടുംബങ്ങള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്നത്തെ കാബിനറ്റ് യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കോളനികളില്‍ താമസിക്കുന്നവര്‍ക്ക് സ്വകാര്യഭൂമിയെന്നോ സര്‍ക്കാര്‍ ഭൂമിയെന്നോ കണക്കാക്കാതെ ഉടമസ്ഥാവകാശം നല്‍കുമെന്ന് കേന്ദ്ര നഗര, ഭവന മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി.

വിപ്ലവകരമായ തീരുമാനാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദില്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ണായക നീക്കം. തീരുമാനം 40 ലക്ഷം പേര്‍ക്ക് ഗുണമാകുമെന്നും വോട്ടായി മാറുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നേരത്തെ സംസ്ഥാന സര്‍ക്കാറിന്‍റെ പല പദ്ധതികളും കേന്ദ്രം തടയുന്നതായി എഎപി ആരോപിച്ചിരുന്നു.

എന്നാല്‍, തീരുമാനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഉപകാരമാകുന്ന രീതിയിലാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. കോളനിവാസികള്‍ക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നതിലൂടെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും അവര്‍ക്കും ലഭ്യമാകുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. 2008മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ദില്ലിക്കാര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി മന്ത്രിമാര്‍ കുറ്റപ്പെടുത്തി.

എന്നാല്‍, ഈ കോളനികളില്‍ നേരത്തെ തന്നെ 6000 കോടി നിക്ഷേപിച്ചെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. മോശം സാഹചര്യത്തിലായിരുന്നു അവരുടെ ജീവിതം. കേന്ദ്രത്തിന്‍റെ അനുമതി കാത്തിരിക്കാനാവില്ല. അതുകൊണ്ടു തന്നെ അടിസ്ഥാന വികസനത്തിനായി 6000 കോടി രൂപ നേരത്തെ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളനിവാസികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇത്തരം കോളനികളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം, വൈദ്യുതി, മാലിന്യനിര്‍മാര്‍ജനം എന്നിവ ലഭ്യമായിരുന്നില്ല. ജാമിയ നഗര്‍, സൈനിക് ഫാംസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ അനധികൃത കോളനികള്‍ സ്ഥിതി ചെയ്യുന്നത്. 2017ല്‍ 1797 കോളനികളെ നിയമവിധേയമാക്കണമെന്ന് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.