ദില്ലി: കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. ചോദ്യോത്തര വേളയില്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന് നല്‍കിയ മറുപടിയിലാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ പറഞ്ഞത്. 

സംസ്ഥാനത്ത് നിപ, എച്ച്1എന്‍1 വൈറസ് രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയില്‍ ഒരു മേഖലാ വൈറോളജി ലാബ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. 2018-ല്‍ കോഴിക്കോട് നിപ ബാധ റിപ്പോര്‍ട്ട്ചെയ്തതിന് പിന്നാലെ സംസ്ഥാനം ഈ ആവശ്യം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചിരുന്നു. 

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദില്ലിയില്‍ എത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആവശ്യകത പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാവും എന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞതെങ്കിലും കേരളത്തിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത കാലത്തൊന്നും സ്ഥാപിക്കപ്പെടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാവുന്നത്.