അതേസമയം രാജ്യത്ത് ഏക വോട്ടര്‍ പട്ടിക തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന വിവരവും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. 

ദില്ലി: ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം (Law Ministry) പുറത്തിറക്കി. പ്രതിപക്ഷ എതിര്‍പ്പുകൾ തള്ളയായിരുന്നു ആധാറും വോട്ടര്‍ ഐഡിയും (aadhar Voter ID Linking) ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാര്‍ലമെന്‍റ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതോടെ ഇനിമുതൽ വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുമ്പോൾ ആധാര്‍ നമ്പര്‍ കൂടി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടാം.

അതേസമയം രാജ്യത്ത് ഏക വോട്ടര്‍ പട്ടിക തയ്യാറാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന വിവരവും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതിനായി പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി നൽകിയ ശുപാര്‍ശയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമായാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന്‍റെ ഭാഗമായി ദേശീയ തലത്തിൽ ഒറ്റ വോട്ടര്‍ പട്ടിക എന്ന ശുപാര്‍ശ നിയമമന്ത്രാലയ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് സമിതി നൽകിയത്. നിലവിൽ പാര്‍ലമെന്‍റ്-നിയസഭ തെരഞ്ഞെടുപ്പുകൾക്കും തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും വ്യത്യസ്ഥ വോട്ടര്‍ പട്ടികയാണ്. ഇതിന് പകരം എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടര്‍ പട്ടിക മതിയെന്നാണ് പാര്‍ലമെന്‍ററി സമിതിയുടെ ശുപാര്‍ശ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. ആധാറും വോട്ടര്‍ ഐഡിയും ബന്ധപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ബില്ല് പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് പാര്‍ലമെന്റിൽ പാസായത്. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് രാജ്യം മാറണമെന്ന് ഏഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോൾ നിലവിൽ വന്ന തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലും, ഒറ്റ വോട്ടര്‍ പട്ടിക ചര്‍ച്ചകളും അതിനുള്ള തയ്യാറെടുപ്പുകളായി പ്രതിപക്ഷം കാണുന്നു. ജനുവരി അവസാനം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ ഇത്തരം വിഷയങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.