അനന്ത് നാഗിലും ഫല്‍ഗാമിലും ഡയല്‍ഗാമിലും ത്രാലിലും ജമ്മു കശ്മിര്‍ ജമാ അത്തെ ഇസ്ലാമി ശക്തമായ സാന്നിധ്യമാണ്. കേന്ദ്രത്തിന്‍റെ അടുത്ത ലക്ഷ്യം ഹുറിയത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍
ദില്ലി: തീവ്രവാദികള്‍ക്ക് ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി സഹായമെത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. സംഘടനയെ നിരോധിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
ജമ്മു കശ്മീരുകാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണനയിലിരിക്കെ, ജമാ അത്തെ ഇസ്ലാമി നേതാക്കളെ കൂട്ടത്തോടെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. ജമാ അത്തെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസിനെയും വക്താവ് സഹിദ് അലിയെയും തടങ്കലിലാക്കി. നൂറിലധികം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്കുള്ളിൽ സംഘടനയെ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ഭീകര സംഘടനകളിലേയ്ക്കുള്ള റിക്രൂട്ട്മെന്‍റിന് കളമൊരുക്കുന്നുവെന്നുമുള്ള കാരണങ്ങള്‍ പറഞ്ഞാണ് സംഘടനയെ നിരോധിക്കാന്‍ തീരുമാനിച്ചത്.
ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി വഴി ഭീകരര്‍ക്ക് പണമെത്തിയെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അനന്ത് നാഗിലും ഫല്‍ഗാമിലും ഡയല്‍ഗാമിലും ത്രാലിലും ശക്തമായ സാന്നിധ്യമാണ് ജമ്മു കശ്മിര്‍ ജമാ അത്തെ ഇസ്ലാമി. ഹുറിയത്താണ് കേന്ദ്രത്തിന്‍റെ അടുത്ത ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലവന്‍ മിര്‍വായിസ് ഉമര്‍ ഫറൂഖ് കരുതല്‍ തടങ്കലിലാണ്.
