ദില്ലി:കാര്‍ഷിക ബില്ലുകൾ പാസാക്കുന്നതിനിടെ രാജ്യസഭയിലുണ്ടായ പ്രതിഷേധങ്ങളെ അപലപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.  പ്രതിപക്ഷ നടപടി രാജ്യത്തെ കര്‍ഷകരെ ആകെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതും ആണ്. ജനാധിപത്യപരമായിരുന്നില്ല രാജ്യസഭയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾ. ഉപാധ്യക്ഷന് നേരെ ഉണ്ടായ പെരുമാറ്റങ്ങൾ അങ്ങേ അറ്റം അപലപനീയമാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.  

വേദനിപ്പിക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്ന് കർഷകരാരും വിശ്വസിക്കില്ല. തീരുമാനങ്ങളിൽ നിന്ന് പുറകോട്ട് പോകാനുമില്ല. അംഗീകൃത ചന്തകളോ താങ്ങുവിലയോ അവസാനിപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറ‍ഞ്ഞു. 

നാടകീയ രംഗങ്ങൾക്കിടെയാണ് വിവാദ കാർഷിക പരിഷ്ക്കാര ബില്ലുകൾ രാജ്യസഭ പാസാക്കിയത്. നടുത്തളത്തിലെ പ്രതിപക്ഷ ബഹളത്തിനിടെ ഉപാദ്ധ്യക്ഷനു നേരെ കൈയ്യേറ്റ ശ്രമം നടന്നു. മാർഷലുമാരെ വിളിച്ചുവരുത്തി കൈയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷ എംപിമാരും ആരോപിച്ചു.  ഇന്ത്യയിലെ കർഷകർക്കിത് ചരിത്രദിനമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.