പൗരത്വ നിയമഭേദഗതിക്കെതിരായ കേസില്‍ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ല.
പൗരത്വ നിയമഭേദഗതിക്കെതിരായ കേസില്‍ ഹൈക്കോടതികള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി നേരത്തെ സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ മാത്രം പരിഗണനയിലുള്ള അറുപത് ഹര്‍ജികള്‍ 22 ന് പരിഗണിക്കാനിരിക്കേ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരിക്കുകയാണ്.
പൗരത്വ നിയമഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാനവും കത്തയച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള അസം സര്‍ക്കാരിന്‍റെ കത്ത് മാത്രമേ തങ്ങളുടെ കൈവശമുള്ളെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയതായി അസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റന്നാള്‍ ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ പരിപാടിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദുചെയ്തതെന്നാണ് വിവരം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
അതേ സമയം പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തള്ളണമെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് അമർത്യ സെൻ പറഞ്ഞത്. പൗരത്വത്തിനു മതം മാനദണ്ഡം ആകുന്നത് അംഗീകരിക്കാനാവുന്നതല്ല. ഭരണഘടന ഇത് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: മതം മാനദണ്ഡമാകരുത്; പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും അമര്‍ത്യ സെന്‍
