Asianet News MalayalamAsianet News Malayalam

ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാര് ? വിശദീകരണവുമായി കേന്ദ്രം

വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു

central government explanation on arogya setu app developers
Author
Delhi, First Published Oct 28, 2020, 8:06 PM IST

ദില്ലി: ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. വ്യവസായ-വിദഗ്ധ കൂട്ടായ്മയിൽ സര്‍ക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിർമിച്ചതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിർമാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു. വിശദീകരണത്തിൽ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകൾ വെളിപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വലിയ പ്രചാരം നൽകി ഉയർത്തിക്കാട്ടിയ ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരാണെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിലുള്ളത്. എന്നാൽ ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്നായിരുന്നു ചോദ്യത്തിന് ഇവരുടെ മറുപടി. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടുകയായിരുന്നു.  

വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തപ്പെട്ട അധികാരികൾ അത് നിരസിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കമ്മീഷൻ വിമർശിച്ചു. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24 ന് കമ്മീഷന് മുന്നിൽ ഹാജരാകണമെന്നും വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios