ദില്ലി: കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റവന്യു നഷ്ടം നികത്താനാണ് തുക അനുവദിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചത്. ആകെ 6195 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.

അതേസമയം ദേശീയ ലോക്ക് ഡൗണ്‍ കൂടുതൽ ഇളവുകളോടെ നീട്ടിയേക്കും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടു. ഇതുവരെയുള്ളതില്‍ ഏറ്റവും ദൈർഘ്യമേറിയ യോഗമാണ് ഇന്ന് നടന്നത്. എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം നല്‍കിയാണ് ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് കടക്കാനാവുമോ എന്ന ആലോചന നടന്നത്. 

ഇന്ത്യ പ്രതിരോധത്തിൽ വലിയ ജാഗ്രത കാട്ടിയെന്ന് പ്രധാനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമീണ ഇന്ത്യയെ വൈറസിൽ നിന്ന് സംരക്ഷിച്ച് നിര്‍ത്തണം. എവിടെയൊക്കെ വൈറസ് പടരുന്നു എന്ന് വ്യക്തമായി. ഈ മേഖലകൾ കേന്ദ്രീകരിച്ചുള്ള തന്ത്രം ആവിഷ്ക്കരിക്കണം. സമ്പദ് വ്യവസ്ഥയെ കൂടുതൽ ചലിപ്പിക്കണം എന്ന് നിർദ്ദേശിച്ച് നിയന്ത്രണങ്ങൾ നീക്കാനുള്ള തന്‍റെ താല്‍പ്പര്യം മോദി അറിയിച്ചു.

എന്നാൽ ഇതിനോട് കൂടുതൽ സംസ്ഥാനങ്ങൾ വിയോജിച്ചു. ലോക്ക് ഡൗണ്‍ തുടരണമെന്ന് പശ്ചിമബംഗാളും, തെലങ്കാനയും, മഹാരാഷ്ട്രയും നിർദ്ദേശിച്ചു. വുഹാനിൽ കൊവിഡ് വീണ്ടും സ്ഥിരീകരിച്ചത് കണക്കിലെടുക്കണെന്ന് ഉദ്ധവ് താക്കറെ
പറഞ്ഞു. ബിജെപി ഭരിക്കുന്ന അസമിനൊപ്പം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ലോക്ക് ഡൗണ്‍ തുടരുന്നതിനെ അനുകൂലിച്ചു. പാസഞ്ചർ തീവണ്ടി വേണ്ടെന്ന് ഒഡീഷ പറഞ്ഞു. 

വിമാന സർവ്വീസിനോട് തമിഴ്നാടും കർണ്ണാടകയും വിയോജിച്ചു. എന്നാൽ ഗുജറാത്തും ദില്ലിയും ലോക്ക് ഡൗണ്‍ പിൻവലിക്കണം എന്ന നിലപാടാണ് യോഗത്തിലറിയിച്ചത്. ലോക്ക്ഡൗൺ തുടരേണ്ടി വരും എന്ന സൂചന ഒടുവിൽ പ്രധാനമന്ത്രി നല്‍കി. വിദ്യാഭ്യാസം ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ മാതൃക ആലോചിക്കണം. ജില്ല തിരിച്ചുള്ള സോണിനു പകരം ചില മേഖലകളെ മാത്രം റെഡ്സോണിലാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നല്‍കും. എന്തായാലും കൂടുതൽ മേഖകൾ തുറന്നു കൊണ്ട് നാലാം ഘട്ട ലോക്ക്ഡൗണിലേക്കു പോകാനുള്ള സാധ്യതയാണ് യോഗത്തിനു ശേഷം കാണുന്നത്.