ദില്ലി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കി. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. എന്നാല്‍ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമില്ല. താങ്ങുവില നിലനിർത്തും, കരാർകൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം, കാർഷികവിപണികളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും, വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകളെ നാളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. എന്നാൽ നിയമം പിൻവലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചർച്ചയിൽ പങ്കെടുക്കൂവെന്ന് കർഷകരുടെ നേതാവായ ബൽദേവ് സിങ് സിർസ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിർസ പറഞ്ഞു. കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. ഇതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഇന്നലെ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ നാടകമായിരുന്നുവെന്ന് സമരസംഘടനകള്‍ പറഞ്ഞു.