ദാദ്ര ഹവേലി: രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജി അംഗീകരിക്കുന്നത് വരെ ജോലിയിൽ തുടരണമെന്നും നിർദേശം നൽകി. ഇതു സംബന്ധിച്ച് കണ്ണൻ ഗോപിനാഥൻ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചു.

രാജി സ്വീകരിച്ചാൽ മാത്രമേ ജോലിയിൽ നിന്ന് പിരിയാൻ കഴിയുകയുള്ളു എന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

പിന്നീട് രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്‍റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 19 ദിവസമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങൾ ഇല്ലാതായിട്ട്. ജമ്മു കശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്.

മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുക. തെരഞ്ഞെടുപ്പ് സമയത്ത് താനൊരു നിലപാടെടുത്തിരുന്നു. അതിന് അഡ്മിനിസ്ട്രേറ്റർ നോട്ടീസ് തന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് തിരിച്ചെടുത്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തതായും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനിടെ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയാണ് കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളിലിടം നേടിയത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ്ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികെയാണ് രാജിവെച്ചത്.