അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ മടങ്ങിയെത്തും. 

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാൻ സർവ്വകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രാലയം നാളെ വിശദാംശങ്ങൾ കക്ഷി നേതാക്കളെ അറിയിക്കും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസർക്കാർ തുടങ്ങിയത്. ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നല്‍കുകയായിരുന്നു. താലിബാനോടുള്ള നയവും നാളെ വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും.

അതേസമയം അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ രാവിലെ ദില്ലിയില്‍ എത്തിച്ചു. വ്യോമസേന വിമാനത്തിൽ അഫ്ഗാൻ പൗരൻമാരുമുണ്ടെന്നാണ് സൂചന. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിക്കുകയായിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും യാത്ര തിരിച്ചു. അഫ്ഗാനിലെ ഹിന്ദു സിഖ് വിഭാഗങ്ങൾക്ക് സഹായം നല്‍കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി തീരുമാനിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.