'' ഭീകരതയ്ക്ക് മതമില്ല, എന്നാല്‍ ഭീകരവാദികള്‍ക്ക് നിശ്ചയമായും മതമുണ്ട്, മിക്കവാറും അത് ഇസ്ലാമാണ്'' ഇതാണ് ബിജെപിയുടെ യുവ മുഖമായ തേജസ്വിയുടെ വിവാദ ട്വീറ്റ്. 

ദില്ലി: ബെംഗളുരു സൗത്തില്‍ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യയുടെ ഇസ്ലാം വിരുദ്ധ ട്വീറ്റ് നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. 121 ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ പട്ടികയില്‍ 65മതായാണ് തേജസ്വിയുടെ ട്വീറ്റും ഉള്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയമാണ് ട്വിറ്ററിന് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. 

'' ഭീകരതയ്ക്ക് മതമില്ല, എന്നാല്‍ ഭീകരവാദികള്‍ക്ക് നിശ്ചയമായും മതമുണ്ട്, മിക്കവാറും അത് ഇസ്ലാമാണ്'' ഇതാണ് ബിജെപിയുടെ യുവ മുഖമായ തേജസ്വിയുടെ വിവാദ ട്വീറ്റ്. 2020 ഏപ്രില്‍ 28നാണ് ഇത് സംബന്ധിച്ച് മന്ത്രാലയം ട്വിറ്ററിന് അപേക്ഷ സമര്‍പ്പിച്ചത്. വിവരസാങ്കേതിവിദ്യ ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിവരങ്ങളില്‍ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഇടപെടാനും സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. 

തേജസ്വി സൂര്യയുടെ 2015 ലെ അറബ് സ്ത്രീകളെക്കുറിച്ചുള്ള ട്വീറ്റിലും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അസ്വസ്ഥനാണെന്നാണ് കര്‍ണാടകയിലെ ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് അറബ് സ്ത്രീകള്‍ക്കെതിരെ സൂര്യ നല്‍കിയ ട്വീറ്റ് വിവാദമായതോടെ നീക്കം ചെയ്തിരുന്നു. 

''95 ശതമാനം അറബ് സ്ത്രീകളും കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി രതിമൂര്‍ച്ച അറിയുന്നുണ്ടാവില്ല. പ്രണയത്തിന്‍റെ പേരില്‍ അല്ല, ലൈംഗിതയുടെ പേരില്‍ കുട്ടികളെ ഉത്പാദിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.'' - തേജസ്വിയുടെ വിവാദ ട്വീറ്റ്. 

വിഷയം വിവാദമായതോടെ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിടാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏപ്രില്‍ 28ന് പട്ടിക സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യ - യുഎഇ ബന്ധത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് ഉറപ്പ് നല്‍കാന്‍ നിരവധി ഫോണ്‍ വിളികള്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ആവശ്യമായി വന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Scroll to load tweet…

നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ തേജസ്വി സൂര്യ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ബംഗളുരുവുല്‍ നടത്തിയ പ്രസംഗത്തില്‍ പഞ്ചര്‍ ഷോപ്പ് നടത്തുന്ന വിദ്യാഭ്യാസമില്ലാത്തവരാണ് സിഎഎയെ എതിര്‍ക്കുന്നതെന്നും അവരുടെ നെഞ്ച് കുത്തിപ്പൊളിച്ചാല്‍ നാല് വാക്കുകളില്‍ കൂടുതല്‍ കാണാനാകില്ലെന്നും തേജസ്വി സൂര്യ ആരോപിച്ചിരുന്നു.