ജമ്മു കശ്മീർ കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടർന്ന് ഹൈക്കമാൻഡ് അന്വേഷണ സമിതിയെ നിയോഗിച്ചു. പിസിസി അധ്യക്ഷനെതിരെ വിമതർ രംഗത്തെത്തിയതോടെയാണ് പ്രശ്നം വഷളായത്, അന്വേഷണ റിപ്പോർട്ടിന് ശേഷം പാർട്ടിയിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്.

ശ്രീനഗർ: ജമ്മു കശ്മീർ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടു. അച്ചടക്ക ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി ജമ്മു കശ്മീർ സന്ദർശിച്ച് അന്വേഷണം പൂർത്തിയാക്കി. ഉടൻ തന്നെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ശക്തിസിൻഹ് ഗോഹിൽ അധ്യക്ഷനായ സമിതിയിൽ അമർ സിംഗ്, റഫീഖ് ഖാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ജൂൺ 11-നാണ് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമിതി രൂപീകരിച്ചത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ താരിഖ് ഹമീദ് കർറയ്ക്ക് എതിരെ മുൻ മുഖ്യമന്ത്രി താരാ ചന്ദ്, മുൻ പിസിസി അധ്യക്ഷൻ വികാർ റസൂൽ വാനി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പരസ്യമായി രംഗത്തുവന്നതാണ് പ്രശ്നം വഷളാക്കിയത്. നിലവിലെ അധ്യക്ഷൻ അഴിമതിക്കാരനാണെന്നും വിഘടനവാദ നിലപാടുകളാണ് പിന്തുടരുന്നതെന്നും വിമതർ ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തർക്കം മുറുകിയതോടെ ഇരുവിഭാഗവും പരസ്പരം കുറ്റപത്രങ്ങൾ തയ്യാറാക്കി അന്വേഷണ സമിതിക്ക് മുന്നിൽ സമർപ്പിച്ചു. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയ രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ട് ഇത്തരമൊരു അന്വേഷണ സമിതി രൂപീകരിക്കുന്നത് കോൺഗ്രസിൽ അസാധാരണമായ കാര്യമാണ്. പാർട്ടിക്കുള്ളിലെ കടുത്ത അച്ചടക്ക ലംഘനം ബോധ്യപ്പെട്ടതിനാലാണ് ഈ നടപടിയെന്നായിരുന്നു കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മ പ്രതികരിച്ചത്.

നേരത്തെ പ്രശ്നപരിഹാരത്തിനായി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ, പിസിസി അധ്യക്ഷൻ താരിഖ് ഹമീദ് കർറ, വർക്കിങ് പ്രസിഡന്റ് രമൺ ഭല്ല എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. പരസ്പരം ചെളിവാരിയെറിയുന്നത് നിർത്താനും അച്ചടക്കം പാലിക്കാനും കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഗ്രൂപ്പ് പോര് അവസാനിച്ചില്ല. 2022-ൽ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതോടെയാണ് ജമ്മു കശ്മീർ കോൺഗ്രസിൽ വൻ തകർച്ച തുടങ്ങിയത്. പിന്നീട് പലരും കോൺഗ്രസിലേക്ക് തിരിച്ചെത്തിയെങ്കിലും, പാർട്ടിയുടെ പഴയ കോട്ടയായിരുന്ന ജമ്മു മേഖലയിൽ സ്വാധീനം വീണ്ടെടുക്കാൻ ഗ്രൂപ്പ് പോര് കാരണം കോൺഗ്രസിന് ഇപ്പോഴും സാധിച്ചിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോർട്ട് വരുന്നതോടെ പാർട്ടിക്കുള്ളിൽ നിർണ്ണായക അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് വിവരം.