മകളുടെ നേട്ടങ്ങള്‍ വിവരിച്ചാണ് സ്മൃതി ഇറാനി വീണ്ടും ചിത്രം പോസ്റ്റ് ചെയ്തത്. മകള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ടെന്നും സ്മൃതി കുറിച്ചു.
ദില്ലി: കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മകള്‍ സോയിഷ് ഇറാനിയുടെ സെല്‍ഫി ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഡിലീറ്റ് ചെയ്തത്. എന്നാല്‍, താന്‍ ചെയ്തത് തെറ്റാണെന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തു. ഒപ്പം ശക്തമായ വാക്കുകളും കുറിച്ചു. സോയിഷ് ഇറാനിയുടെ സഹപാഠി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കേണ്ടി വന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഒരു വിഡ്ഢിയുടെ കളിയാക്കലിനെ തുടര്‍ന്നാണ് അവളുടെ ചിത്രം ഞാന്‍ നീക്കിയത്. സഹപാഠി മകളെ അധിക്ഷേപിച്ചു. എന്നാല്‍, പിന്നീട് എനിക്ക് ബോധ്യമായി, എന്‍റെ മകളുടെ സങ്കടത്തോടൊപ്പമല്ല ഞാന്‍ നിലകൊണ്ടത്. ചിത്രം നീക്കിയതിലൂടെ ഇത്തരം ആളുകളെയും സൈബര്‍ ആക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ രണ്ടാമതും ചിത്രം പോസ്റ്റ് ചെയ്തു.
മകളുടെ നേട്ടങ്ങള്‍ വിവരിച്ചാണ് സ്മൃതി ഇറാനി വീണ്ടും ചിത്രം പോസ്റ്റ് ചെയ്തത്. മകള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ടെന്നും സ്മൃതി കുറിച്ചു. നിങ്ങള്‍ അവളെ എത്രവേണമെങ്കിലും കളിയാക്കിക്കോളൂ. അവള്‍ തിരിച്ചു വരും. അവളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ 15000 ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്.
