ദില്ലി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കും. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുതിയ ഹര്‍ജി ഉള്‍പ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഇന്നലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരം 47ാം ദിവസത്തിലേക്ക് കടന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം  പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിച്ചു കൂടെ എന്നും കോടതി ആരാഞ്ഞിരുന്നു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ കൂറ്റര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സമരക്കാര്‍ തീരുമാനിച്ചത്.