ദില്ലി: ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയ നടപടി അടുത്ത മാസം ഏഴ് വരെ നീട്ടി. പുതിയ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. രണ്ട് വയസുകാരി ഉൾപ്പടെ പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

പത്ത് ലാബുകളിലായി 107 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 20 പേരിൽ അതീതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഉത്തർപ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. പുതിയ സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് അടുത്ത മാസം ഏഴ് വരെ നീട്ടിയത്. കേന്ദ്രവ്യോമയാന മന്ത്രി ഹർദ്ദീപ് സിങ്ങ് പുരിയാണ് ഈക്കാര്യം അറിയിച്ചത്. ഈ മാസം 31 വരെയായിരുന്നു നേരത്തെ വിലക്ക് ഏ‌ർപ്പെടുത്തിയിരുന്നത്.

അതേസമയം, കൊവിഡ് പ്രതിരോധ വാക്സിന്റെ അനുമതി സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഡ്രഗ്സ് കൺട്രോൾസ് ജനറൽ ഓഫ് ഇന്ത്യ യോഗം ചേരുകയാണ്. ഓക്സ്ഫോഡ് വാക്സിൻ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.