എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സംസ്ഥാന, കേന്ദ്രഭരണ ആരോഗ്യ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. 

ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു. എബോള വൈറസ് രോഗവ്യാപനം തടയാനുള്ള തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചുചേർത്തത്. മുൻകരുതൽ എന്ന നിലയിൽ, രാജ്യമുടനീളം നിരീക്ഷണ സംവിധാനങ്ങളും തയ്യാറെടുപ്പുകളും സർക്കാർ ശക്തിപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ, എല്ലാതലത്തിലുമുള്ള മുൻകരുതൽ നടപടികൾ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. സ്ക്രീനിങ്, ക്വാറൻ്റൈൻ, ടെസ്റ്റിങ് അടക്കമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. 2014ൽ ആഫ്രിക്കയിൽ എബോള വൈറസ് രോഗവ്യാപനം ഉണ്ടായപ്പോൾ ഇന്ത്യ സമാന മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എബോള വൈറസ് രോഗവ്യാപനം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 51 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ പകർച്ചവ്യാധിയുടെ തോത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ വലുതാണെന്ന് തങ്ങൾക്കറിയാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമേ, ഉഗാണ്ടയിലും രണ്ട് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലുമായി സംശയിക്കുന്ന കേസുകളുടെ എണ്ണം 600 ആയി ഉയർന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 139 പേർ മരിച്ചിട്ടുണ്ട്.