Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ നീട്ടുമോ? കേന്ദ്രസർക്കാർ തീരുമാനം രണ്ട് ദിവസത്തിൽ അറിയാം

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്തി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം ലോക്ക്ഡൗൺ നീളുമെന്ന സൂചനയാണ്

Centre will decide on lock down extension in two days
Author
Delhi, First Published Apr 30, 2020, 6:59 AM IST

ദില്ലി: ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരിൻറെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. രാജ്നാഥ്സിംഗിൻറെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേർന്ന് സ്ഥിതി വിലിയിരുത്തും. 

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്തി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശം ലോക്ക്ഡൗൺ നീളുമെന്ന സൂചനയാണ്. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും, പ്രവാസികളുടെ മടക്കത്തിലും കേന്ദ്ര തീരുമാനവും ഇതോടൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

അതേസമയം പരിശോധന കിറ്റുകൾ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിർണ്ണയത്തിൽ പ്രതിസന്ധിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആർ കൂടുതൽ അനുമതി നൽകണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകൾ തിരിച്ചയക്കുന്നത്. ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളിൽ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകുന്നുണ്ട്.

മെയ് അവസാന വാരത്തോടെ മാത്രമേ പരിശോധന കിറ്റുകളുടെ കാര്യത്തിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കൂകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു.

കൊ വിഡ് നിർണ്ണയം ഫലപ്രദമല്ലെന്ന് കണ്ടതോടെ രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഇന്ത്യ തിരിച്ചയക്കുന്നത്. 5 ലക്ഷം കിറ്റുകളാണ് ഗുണമേന്മയില്ലെന്ന കാരണത്താൽ ഒഴിവാക്കുന്നത്. ദിനംപ്രതി നാൽപതിനായിരം സാമ്പിളുകളാണ് നിലവിൽ പരിശോധിക്കുന്നത്. 

മെയ് ആദ്യവാരത്തോടെ പരിശോധന ഒരു ലക്ഷം ആയി ഉയർത്താനിരിക്കേയാണ് ഗുണമേന്മ പ്രശ്നമായത്. രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സംസ്ഥാനങ്ങളിൽ ഇത് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. ദില്ലിയിലെ സർക്കാർ സ്വകാര്യ ലാബുകളിലായി സാമ്പിളുകൾ കെട്ടിക്കിടക്കുന്നതിനാൽ പരിശോധന ഫലം ഒരാഴ്ചയോളം വരെ വൈകുന്നുവെന്നാണ്‌ പരാതി. പ്രതിരോധ പ്രവർത്തനങ്ങൾക്കടക്കം ഇത് തിരിച്ചടിയാകുന്നു.

ചൈനീസ് കമ്പനികളെ ഒഴിവാക്കിയതിനെ തുടർന്ന് 20 ലക്ഷം കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് അഞ്ചാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. പരിശോധനകളുടെ എണ്ണത്തിൽ പുരോഗതി പോരെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആക്ഷേപം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും പ്രതിസന്ധി തല പൊക്കുന്നത്.

Follow Us:
Download App:
  • android
  • ios