തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമം ഭരണഘടനാ ബഞ്ചിന് വിടണമോ എന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ ഹർജി വിശാല ബഞ്ചിന് വിടണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ജസ്റ്റിസ് ദീപാങ്കർ ദത്ത ഇതിനെ എതിർത്തു

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതിൽ ഭിന്നവിധി. ഹർജി വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും വേണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ഒരു മന്ത്രിയും ചേർന്ന് നിശ്ചയിച്ചാൽ കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വിധിയിൽ പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും യോജിച്ചു.

വിശദവിവരങ്ങൾ

2023ലെ നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവരാണ് ഇലക്ഷൻ കമ്മിഷണർമാരുടെ നിയമന സമിതിയിലുള്ളത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയിൽ അംഗമാക്കിയത് മറികടക്കാനാണ് പാർലമെൻറ് നിയമം പാസാക്കിയത്. നിയമത്തിനെതിരായ ഹർജികൾ ഭരണഘടന ബഞ്ചിന് തന്നെ വിടണമെന്ന് കേസ് കേട്ട രണ്ടംഗ ബഞ്ചിന് മുമ്പാകെ കേന്ദ്രം വാദിച്ചു. ഇക്കാര്യത്തിലാണ് ബഞ്ചിലെ ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ഭിന്ന നിലപാടെടുത്തത്. നിലവിലെ അഞ്ചംഗം ബഞ്ച് വിധി പ്രകാരം ഇത് തീർപ്പാക്കാവുന്നതേയുള്ളു എന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചൂണ്ടിക്കാട്ടി. നിയമന പ്രക്രിയ ഇപ്പോൾ സ്വതന്ത്രമാണോ എന്ന ചോദ്യം പ്രധാനമാണെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നോമിനിയായ ഒരാൾ പ്രധാനമന്ത്രിയുടെ നിലപാടിനെ എങ്ങനെ എതിർക്കുമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ചോദിച്ചു. ബാറ്റ് ചെയ്യുന്ന ടീമാണ് അമ്പയറെ തിരഞ്ഞെടുക്കുന്നതെങ്കിൽ, അമ്പയർ ശരിയായ തീരുമാനം എടുത്താലും നിഷ്പക്ഷത സംശയിക്കപ്പെടും. കമ്മിഷൻ സ്വതന്ത്രമായാൽ മാത്രം പോരാ, നിക്ഷപക്ഷമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണമെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത ചൂണ്ടിക്കാട്ടി. എന്നാൽ നിഷ്പക്ഷ വ്യക്തി സമിതിയിൽ വേണോ എന്ന ചോദ്യം ഭരണഘടന ബഞ്ച് തന്നെ കേൾക്കണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ നിലപാടെടുത്തു. രണ്ടംഗ ബഞ്ചിൽ ഭിന്നതയുണ്ടെങ്കിൽ വിഷയം മൂന്നംഗ ബഞ്ചിലേക്കാണ് പോകേണ്ടത്. എന്നാൽ ഇത് സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും യോജിച്ചു. ഇത്തരം വിഷയങ്ങളിൽ വേഗത്തിൽ തീർപ്പുണ്ടാകാൻ സ്ഥിരം അഞ്ചംഗ ബെഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കണമെന്നും കോടതി ശുപാർശ ചെയ്തു. വിശാല ബഞ്ചിലേക്ക് കേസ് പോകുന്നത് തത്ക്കാലം കേന്ദ്ര സർക്കാരിന് ആശ്വാസമാണ്.