ഹർദീപ് സിംഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു.
ദില്ലി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഹർദീപ് സിംഗ് പുരിക്ക് വീണ്ടും രാജ്യസഭ സീറ്റ് നൽകിയ ബിജെപി നടപടിയെ പരിഹസിച്ച് കോൺഗ്രസ്. പ്രധാനമന്ത്രിയെ പുരി ഭീഷണിപ്പെടുത്തിയോ അതോ ഇരുവരെയും ആരെങ്കിലും ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു. നിലപാട് മാറ്റാൻ കഴിഞ്ഞ ഒരു മാസത്തിനിടെ എന്താണ് സംഭവിച്ചത് എന്നും അദ്ദേഹം ചോദിച്ചു.
എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാണ് ഹർദീപ് സിംഗ് പുരിയെ ബിജെപി പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽനിന്നുള്ള ഒഴിവിലേക്ക് അടുത്ത മാസമാണ് ഉപതെരഞ്ഞെടുപ്പ്. നേരത്തെ ഉത്തർ പ്രദേശിൽനിന്നും രാജ്യസഭയിലെത്തിയ ഹർദീപ് സിംഗ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരുന്നില്ല. ഇതോടെ പുരി കേന്ദ്രമന്ത്രിസഭയിൽനിന്നും പുറത്ത് പോകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അടുത്ത വർഷം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കൂടി പരിഗണിച്ചാണ് പുരിക്ക് വീണ്ടും സീറ്റ് നൽകിയിരിക്കുന്നത്.






