ദില്ലി: ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതോടെ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാധ്യതയേറി. ധനമന്ത്രി നിർമ്മലാ സീതാരാമനെ മാറ്റി ധനകാര്യവിദഗ്ധനെ നോർത്ത് ബ്ളോക്കിൽ കൊണ്ടുവരുമോ എന്ന ചർച്ചയാണ് രാഷ്ട്രീയവൃത്തങ്ങളിൽ സജീവമാകുന്നത്.

ലോക്ക്ഡൗണിൽ നിന്ന് പുറത്തേക്കുള്ള വഴി കേന്ദ്രം പ്രഖ്യാപിക്കുമ്പോൾ രാഷ്ട്രീയ ഭരണ മേഖലകളും മെല്ലെ സാധാരണ നിലയിലേക്ക് മടങ്ങും. പ്രതിസന്ധി കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വൻ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്ക്കാരത്തിനുള്ള നിരവധി നിർദ്ദേശങ്ങൾ, നിയമഭേദഗതിയും ഇതിന് അനിവാര്യമാണ്. നിർമ്മല സീതാരാമനെ ധനമന്ത്രിയാക്കുക എന്ന അരുൺ ജയ്റ്റ്ലിയുടെ നിർദ്ദേശമാണ് മോദി ഒരു വർഷം മുമ്പ് സ്വീകരിച്ചത്. എന്നാൽ, വൻ പരിഷ്ക്കാര നടപടികൾക്ക് ചുക്കാൻ പിടിക്കാന ഒരു വിദഗ്ധനെ നോർത്ത് ബ്ളോക്കിൽ എത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

പ്രതിഭാ ദാരിദ്ര്യവും കാര്യപ്രാപ്തിയില്ലായ്മയും രണ്ടാം മോദി മന്ത്രിസഭയിൽ പ്രകടമാണ് ഇത് പരിഹരിക്കാനുള്ള നീക്കം ഉണ്ടായേക്കും. ബ്രിക്ക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്‍റെ പേരാണ് സജീവമാകുന്നത്. നന്ദൻ നിലേഖാനി, മോഹൻദാസ് പൈ തുടങ്ങിയവരും അഭ്യൂഹങ്ങളിലുണ്ട്. ജ്യോതിരാദിത്യസിന്ധ്യയെ മന്ത്രിയാക്കാം എന്ന വാഗ്ദാനം പാലിക്കേണ്ടതുണ്ട്. സുരേഷ് പ്രഭുവിനെയും പരിഗണിക്കുന്നുണ്ട്. അണ്ണാ ഡിഎംകെയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. 

ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും. ബീഹാർ, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മാറ്റങ്ങളും പ്രതീക്ഷിക്കാം. രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള നടപടി വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും.