ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിൽ. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി.

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും അമരാവതിയിൽ വീട്ടുതടങ്കലിൽ. വൈഎസ്ആർ കോൺഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് നടപടി. റാലിക്ക് അനുമതി നിഷേധിച്ച പൊലീസ് ഗുണ്ടുരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

'ചലോ ആത്മാക്കുർ' എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ജഗൻ മോഹൻ റെഡി സർക്കാരിനും വൈ എസ് ആർ സി പിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിലെ വീട്ടിൽ തടങ്കലിൽ ആയി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

അനുയായികൾക്കൊപ്പം വീടിന് പുറത്തിറങ്ങാൻ നരാ ലോകേഷ് ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് ചന്ദ്രബാബു നായിഡുവും പുറത്തിറങ്ങാൻ നോക്കി. അദ്ദേഹത്തെയും പൊലീസ് തടഞ്ഞു. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തടവിൽ കഴിയുന്ന ചന്ദ്രബാബു നായിഡു 12 മണിക്കൂർ നീണ്ട നിരാഹാര സമരത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്ന് പറഞ്ഞ നായിഡു, സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍ പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടു തടങ്കലിലാണ്. 

Scroll to load tweet…

ജഗൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തങ്ങളുടെ എട്ട് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ടിഡിപി പറയുന്നു. അഞ്ഞൂറിലധികം കുടുംബങ്ങൾക് വീടുവിട്ട് പോകേണ്ടി വന്നു. അക്രമത്തിന് ഇരയായവർക്ക് വേണ്ടി പാർട്ടി ആസ്ഥാനത്ത് പ്രത്യേക ക്യാമ്പും ടിഡിപി തയ്യാറാക്കിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതിയും നൽകി. നായിഡുവിനെ തടങ്കലിൽ ആക്കിയതിനു പിന്നാലെ സംസ്ഥാനത്താകെ ടിഡിപി പ്രവർത്തകർ തെരുവിലിറങ്ങി. നായിഡുവിന്‍റെ വീട്ടിലേക്ക് നീങ്ങിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്നു നായിഡു ആവശ്യപ്പെട്ടു.