Asianet News MalayalamAsianet News Malayalam

പശു കുറുകെ ചാടി, ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോണറ്റ് പൂര്‍ണ്ണമായും തകര്‍ന്നു...

chandrababu naidus cars in his convoy collided each other
Author
Hyderabad, First Published Sep 6, 2020, 9:31 AM IST

ഹൈദരാബാദ്: മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. യാത്രക്കിടെ പശു കുറുകെ ചാടിയതോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ യദദ്രി ഭോംഗിര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. നായിഡുവിന്റെ സുരക്ഷാ ചുമതലയുള്ള മൂന്ന് എന്‍എസ്ജി ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ മുറിവുകള്‍ ഗുരുതരമല്ല. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോണറ്റ് പൂര്‍ണ്ണമായും തകര്‍ന്നു. 

വിജയവാഡ - ഹൈദരാബാദ് ദേശീയപാതയിലെ ദണ്ടുമാല്‍കപുരം ഗ്രാമത്തില്‍ വച്ചാണ് അപകടമുണ്ടായത്. അമരാവതിയിലുള്ള നായിഡുവിന്റെ വസതിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. ഏഴ് വാഹനങ്ങളാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. നാലാമത്തെ വാഹനത്തിലാണ് നായിഡു യാത്ര ചെയ്തിരുന്നത്. 

മുന്നില്‍ പോയ വാഹനത്തിന് കുറുകെ പശുചാടിയതോടെ പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടന്ന് വാഹനം നിര്‍ത്തി. ഇതോടെ പിന്നാലെ വന്ന കാറുകള്‍ തമ്മില്‍ ഇടിക്കുകയായിരുന്നു. നാലാമത് ഉണ്ടായിരുന്ന നായിഡുവിന്റെ വാഹനം തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios