രാജ്യം ഇസ്‌റോയെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്ന് ഇസ്റോയിലെ ശാസ്ത്രജ്ഞൻമാരെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. 

ദില്ലി: ഇസ്റോയിലെ ശാസ്ത്രജ്ഞൻമാരെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇസ്‌റോയെ കുറിച്ച് രാജ്യം അഭിമാനിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഇസ്‌റോയിലെ മുഴുവൻ ശാസ്ത്രജ്ഞൻമാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Scroll to load tweet…

ശാസ്ത്രജ്ഞന്‍മാരുടെ ഉത്സാഹവും ആത്മസമര്‍പ്പണവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശാസ്ത്രജ്ഞൻമാരുടെ അദ്ധ്വാനം പാഴായിട്ടില്ലെന്നും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് അടിത്തറ പാകിയതായും രാഹുല്‍ ഗാന്ധി കുറിച്ചു.

Scroll to load tweet…

ഇസ്റോയിലെ ശാസ്ത്രജ്ഞൻമാർക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അമിത് ഷാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ശാസ്ത്രജ്ഞർ ചരിത്രം കുറിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചെന്നും കെജ്രിവാൾ കുറിച്ചു.

Scroll to load tweet…
Scroll to load tweet…

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്റോ പുറത്തുവിടുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായാണ് ഇസ്റോ അറിയിച്ചത്. 2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയത്.

Scroll to load tweet…

വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായ സ്ഥിതിയിലായപ്പോൾ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തിയിരുന്നു. ശാസ്ത്രജ്ഞരോട് 'ധൈര്യമായിരിക്കൂ' എന്നായിരുന്നു മോദിയുടെ ആദ്യവാക്ക്. ''ജീവിതത്തിൽ ഉയർച്ച താഴ്‍ചകളുണ്ടായേക്കാം. എങ്കിലും ഇത് ചെറിയ നേട്ടമല്ല. രാജ്യത്തിന് നിങ്ങളെയോർത്ത് അഭിമാനമുണ്ട്. എല്ലാം നന്നായി വരട്ടെ. നിങ്ങൾക്കെല്ലാവർക്കും എന്‍റെ അഭിനന്ദനങ്ങൾ. രാജ്യത്തിനും ശാസ്ത്രത്തിനും മുഴുവൻ മനുഷ്യർക്കുമായാണ് നിങ്ങളീ പ്രയത്നം നടത്തിയത്. ഞാനുണ്ട് നിങ്ങൾക്കൊപ്പം. ധൈര്യമായി മുന്നോട്ടുപോകൂ'', എന്നും മോദി പറഞ്ഞു.

Scroll to load tweet…