അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.
ദില്ലി: ഖലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് (Arvind Kejriwal) ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി (Charanjit Singh Channi) കത്ത് അയച്ചു. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസാണ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര്യ ഖലിസ്ഥാൻ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാള്‍ പറഞ്ഞെന്നാണ് കുമാർ ബിശ്വാസ് വാർത്താ എജൻസിയോട് പറഞ്ഞത്. എന്നാല്‍ കുമാർ ബിശ്വാസിന്‍റെ വീഡിയോ വ്യാജമാണെന്നാണ് എഎപിയുടെ പ്രതികരണം. ഭീകരവാദിയാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന് പ്രതികരിച്ച കെജ്രിവാള്‍ രാഹുൽ ഗാന്ധിക്കും മോദിക്കും ഒരേ സ്വരമാണെന്നും പറഞ്ഞു. അതിനിടെ കുമാർ ബിശ്വാസിന് സുരക്ഷ വർധിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം.
കുമാർ ബിശ്വാസിന്‍റെ പ്രസ്താവന അരവിന്ദ് കെജ്രിവാളിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസും ബിജെപിയും. കെജ്രിവാള്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യത്തിൽ കെജ്രിവാള്‍ നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ ദീപ് സിംഗ് സുര്‍ജേ വാലയും ആവശ്യപ്പെട്ടു. ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ബിജെപി പറഞ്ഞു. ആം ആംദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ അപകടകരമായിരിക്കുമെന്ന പരാമര്‍ശത്തോടെ ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചു.
ഛന്നിയുടെ ഭയ്യ പരാമർശം വിവാദമായതിന് പിന്നാലെ ഖലിസ്ഥാൻ പരാമർശവും പഞ്ചാബിൽ ചർച്ചയാകുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വിവാദ പരാമര്‍ശം നടത്തിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭയ്യമാരെ പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഛന്നി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഛന്നിയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപിയും ആംആദ്മിയും രംഗത്തെത്തി. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. യുപിയിലെ ജനങ്ങളെ പ്രിയങ്ക ഗാന്ധി അപമാനിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളും ഛന്നിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും ഏതെങ്കിലും വ്യക്തിയേയോ ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങളെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്ന് വരുന്നതാണ്. അതുകൊണ്ടുതന്നെ അവരും ഭയ്യയാണെന്ന്. കെജ്രിവാള്‍ പറഞ്ഞു. നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നാല്‍ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
