Asianet News MalayalamAsianet News Malayalam

കല്‍ബുര്‍ഗി വധം; നാലുവര്‍ഷത്തിന് ശേഷം ആറ് പ്രതികൾക്കെതിരെ കുറ്റപത്രം

പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 

charge sheet against 6 culprits on Kalburgi murder
Author
Bengaluru, First Published Aug 18, 2019, 7:55 AM IST

ബെംഗളൂരു: കന്നട സാഹിത്യകാരൻ ഡോ. എം എം കൽ‌ബുർഗിയുടെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അമോല്‍കലെ, ഗണേഷ് മിസ്കിന്‍, പ്രവീണ്‍പ്രകാശ് ചറ്റുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്കര്‍, അമിത് ബഡ്ഡി എന്നിങ്ങനെ ആറുപേർക്കെതിരെയാണ് കുറ്റപത്രം. 

പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2014 ൽ അന്ധവിശ്വാസരഹിതമായ സമൂഹം എന്ന വിഷയത്തിൽ നടന്ന ഒരു സെമിനാറിൽ സംസാരിച്ചതാണ് കൽബുർഗിയോടുള്ള പ്രതികളുടെ വൈരാഗ്യത്തിന് കാരണം. വ്യക്തമായ ആസൂത്രണത്തിലൊടുവിലാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ഗണേഷ് മിസ്കിനാണ് കൽബുർഗിക്ക് നേരെ നിറയൊഴിച്ചത്. ഗൗരി ലങ്കേഷ് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. സനാതൻ സൻസ്തയെന്ന തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതികളന്നും കുറ്റപത്രം പറയുന്നു. കര്‍ണ്ണാടക പൊലീസിന്‍റെ സി ഐ ഡി വിഭാഗമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. ഗൗരി ലങ്കേഷ് വധം അന്വേഷിച്ച പ്രത്യേക സംഘത്തിന് പിന്നീട് കേസ് കൈമാറുകയായിരുന്നു. ഹുബ്ളി ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2015 ആഗസ്റ്റ് 30ന് ആണ് ധാര്‍വാഡിലെ കല്യാണ്‍നഗർ വീട്ടില്‍വെച്ച് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 
 

Follow Us:
Download App:
  • android
  • ios