ഓഹരി വിപണിയിൽ രാജിന് വലിയ നിക്ഷേപങ്ങളുണ്ടെന്നും ജോലിയിലെ ഉയർന്ന ശമ്പളവും പ്രതികൾ കണ്ടെത്തിയിരുന്നു. സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായി ലക്ഷ്യം.
മുംബൈ: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സാന്താക്രൂസ് സ്വദേശിയായ രാജ് ലീല മോർ (32) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിവരം പുറത്തുവന്നയുടൻ നടപടി തുടങ്ങിയ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാജ് എഴുതിയ മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയും ചെയ്തു.
രാഹുൽ പർവാനി, സബ ഖുറേഷി എന്നീ രണ്ട് വ്യക്തികളാണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് രാജ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താൻ ജോലി ചെയ്ത കമ്പനിയുടെ അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കാനും സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണം എടുത്ത് കൊടുക്കാനും പ്രതികൾ തന്നെ നിർബന്ധിച്ചുവെന്ന് രാജ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
പ്രതികൾക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനും ആത്മഹത്യാ പ്രേരണയ്ക്കും രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓഹരി വിപണിയിൽ രാജിന് വലിയ നിക്ഷേപങ്ങളുണ്ടെന്നും ജോലിയിലെ ഉയർന്ന ശമ്പളവും പ്രതികൾ കണ്ടെത്തിയിരുന്നു. സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായി ലക്ഷ്യം. രാജിന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് അവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ അവർ നിർബന്ധിച്ചു. രാജിന്റെ ആഡംബര കാറും അവർ ബലമായി കൈക്കലാക്കി.
സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 18 മാസത്തിനിടെ പ്രതികൾ മൂന്ന് കോടി രൂപയിലധികം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. ഇയാളുടെ കുടുംബാംഗങ്ങളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളും അടിസ്ഥാനമാക്കി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
