Asianet News MalayalamAsianet News Malayalam

പരിശോധിച്ചത് തുടര്‍ച്ചയായി 16 വട്ടം; ഒടുവില്‍ 81കാരന് രോഗമുക്തി

ചെറുവാഞ്ചേരി സ്വദേശിയായ വയോധികന്‍റെ  ചികിത്സാ കാലയളവില്‍ 16 തവണയാണ് സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആര്‍ ലാബില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. 

checked 16 consecutive times The 81 year old has finally recovered from covid 19
Author
Kannur, First Published May 16, 2020, 6:23 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയൊന്ന് വയസുകാരന് ഒടുവില്‍ രോഗമുക്തി. ചെറുവാഞ്ചേരി സ്വദേശിയായ വയോധികന്‍റെ  ചികിത്സാ കാലയളവില്‍ 16 തവണയാണ് സ്രവ പരിശോധന നടത്തിയത്.

ഒരേ പിസിആര്‍ ലാബില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. 60 വയസിന് മുകളില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ കൊവിഡില്‍ നിന്ന് ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു കൊവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

ഒരേ സമയം കൊവിഡ് ഉള്‍പ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങളുള്ള അദ്ദേഹത്തെ ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക കൊവിഡ് ഐസിയുവില്‍ ചികിത്സിച്ചു. ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയ എല്ലാ കൊവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവില്‍ മൂന്നാംഘട്ടത്തില്‍ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി മാത്രമാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗമുക്തമാക്കിയത്. ഇതില്‍ ഒമ്പത് ഗര്‍ഭിണികളും രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. കേരളത്തിലാദ്യമായി കൊവിഡ് രോഗമുതി നേടിയശേഷം പ്രസവിച്ചതും രണ്ട് വയസിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശൂപത്രിയിലായിരുന്നു.

ചികിത്സ തേടിയവരില്‍, കൊവിഡ് ബാധയോടൊപ്പം ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ബാധിച്ചും ചികിത്സ ആവശ്യമുള്ളവരുമുണ്ടായിരുന്നു. ഇതില്‍, സ്‌ട്രോക്കും ഹൃദയസംബന്ധമായ അസുഖവുമുള്ളവരും പ്രായം ചെന്നവരുടെ പ്രശ്‌നങ്ങള്‍ അലട്ടിയവരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയവരും ഉള്‍പ്പടെയുണ്ടായി.

ഇവര്‍ക്ക് കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള ചികിത്സയ്‌ക്കൊപ്പം ഹൃദയ സംബന്ധമായി ഉള്‍പ്പടെ നിലവിലുള്ള ഗുരുതര അസുഖങ്ങള്‍ക്കും ചികിത്സ നടത്തേണ്ടിവന്നത് കൊവിഡിനൊപ്പമുള്ള വലിയ പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. 

Follow Us:
Download App:
  • android
  • ios