ദില്ലി: പോക്സോ കേസിലെ പ്രതിയോട് ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹം ചെയ്യാൻ പോവുകയാണോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാൽസംഗം ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനോട്  പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ചീഫ് ജസ്റ്റിസ് ഇതിന് വിശദീകരണം നല്‍കി. പ്രതിയോട് കേസ് പരിഗണിക്കുന്നതിനിടയിൽ എവിടെയും പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. കോടതിയുടെ ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വിവാഹം കഴിക്കാൻ പോവുകയാണോ എന്നായിരുന്നു ചോദ്യം. കോടതി സ്ത്രീത്വത്തെ ബഹുമാനിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബലാത്സംഗത്തിനിരയായ 14 വയസ്സുകാരി ഗർഭച്ഛിദ്ധത്തിന് അനുവാദം ചോദിച്ച് കൊണ്ടുള്ള മറ്റൊരു ഹ‍ർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കിയത്. കോടതിയുടെ ചോദ്യം വളച്ചൊടിച്ചതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയും അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയോട് കോടതി ബഹുമാനപൂർവ്വമാണ് ഇടപെട്ടത് എന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

റിപ്പോർട്ട് ചെയ്ത വാർത്തകളോട് യോജിപ്പില്ലെന്നും, കോടതിയുടെ സൽപ്പേരിന് ദോഷം വരുത്തുന്ന ഇത്തരം പ്രചാരണങ്ങൾ തടയണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. പോക്സോ കേസിലെ പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് തടഞ്ഞ കോടതി സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ നൽകാനും കഴിഞ്ഞ ആഴ്ച്ച ഉത്തരവിട്ടിരുന്നു.