മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുപതായി. ധുലെ ജില്ലയിലെ ഷിർപൂരിലാണ് സംഭവം. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെമിക്കൽ ഫാക്ടറിയുടെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. മഹാരാഷ്ട്ര ഇന്റസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.

ഫാക്ടറിയിൽ ഉണ്ടായിരുന്ന തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഇതിൽ ചിലരുടെ നില ​ഗുരുതരമാണ്. അ​ഗ്നിശമന സേനകളുടെ അഞ്ച് യൂണിറ്റുകൾക്കൊപ്പം ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. അപകടം നടക്കുന്ന വേളയിൽ 100ഓളം തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നതായാണ് വിവരം. 

ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയിൽ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. ബോയിലറിന്റെ അടുത്ത് കൂടുതൽ പേർ ജോലിക്കുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യാതയുള്ളതായി അധികൃതർ പറയുന്നു.

ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവ‍ർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി.