Asianet News MalayalamAsianet News Malayalam

ചെന്നൈയിലെ സൂപ്പർമാർക്കറ്റിൽ ഏഴ് പേർക്ക് കൊവിഡ്; ഓൺലൈൻ മദ്യവിൽപ്പനയെ എതിർത്ത് തമിഴ്‌നാട്

ചെന്നൈയിൽ ജാഫർഖാൻപേട്ടിലെ ഒരു സൂപ്പർമാർക്കറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഏഴ് ജീവനക്കാരാണ് വൈറസ് ബാധിതർ

Chennai 7 staff of supermarket confirmed covid Online liquor sale not possible TN govt
Author
Chennai, First Published May 9, 2020, 1:10 PM IST

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിലെ സൂപ്പർമാർക്കറ്റിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് എതിരെ തമിഴ്നാട് സംസ്ഥാന സർക്കാർ രംഗത്തെത്തി. ഓൺലൈൻ മദ്യവിൽപ്പന പ്രായോഗികമല്ലെന്നാണ് നിലപാട്. 

ചെന്നൈയിൽ ജാഫർഖാൻപേട്ടിലെ ഒരു സൂപ്പർമാർക്കറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഏഴ് ജീവനക്കാരാണ് വൈറസ് ബാധിതർ. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട്, ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഓൺലൈൻ വിൽപ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്ന കോടതിയുടെ അഭിപ്രായം പ്രായോഗികമല്ലെന്ന് സുപ്രീം കോടതിയിൽ വിശദീകരിക്കും. 

ഈ മാസം 17 വരെ മദ്യവിൽപന ശാലകൾ തുറക്കാൻ പാടില്ലെന്നാണ് കോടതി വിധി. തുറന്നു പ്രവർത്തിച്ച മദ്യവിൽപനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പ്രതികരിച്ചു.

തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തേണ്ട സ്ഥിതി വരെ ഉണ്ടായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധിപ്പേർക്ക് പൊലീസ് നടപടിയിൽ പരിക്കേറ്റു. തിരുവള്ളുവരിലെ മദ്യവിൽപ്പനശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്ക് നേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച മദ്യവിൽപ്പനശാലകൾ ഉപാധികളോടെ തുറക്കാൻ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച അനുമതി നൽകിയിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരാൾക്ക് ഒരു ലിറ്റർ മദ്യമേ നല്‍കാൻ പാടുള്ളൂ എന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെയായിരുന്നു കോടതി മദ്യവിൽപ്പനശാലകൾക്ക് അനുമതി നൽകിയത്. ഇതോടൊപ്പം സാമൂഹിക അകലം പാലിച്ചാകണം മദ്യം വാങ്ങേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിൽ വ്യക്തമാക്തിയിരുന്നു. തമിഴ്നാട്ടിൽ സർക്കാർ മദ്യ വില 15 ശതമാനം വർധിപ്പിക്കുകയും ചെയ്തിരുന്നു.

വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല മദ്യ വിൽപ്പനശാലകൾക്കും മുമ്പിൽ അനുഭവപ്പെട്ടത്. 43 ദിവസങ്ങൾക്ക് ശേഷം തുറന്ന ടാസ്മാക് കേന്ദ്രങ്ങൾക്ക് മുമ്പിൽ ആളുകൾ തിക്കി തിരക്കിയതോടെ പലയിടത്തും പൊലീസിനെ തിരക്ക് നിയന്ത്രിക്കാനായി നിയോഗിക്കേണ്ടി വന്നു. തിരിപ്പൂരിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നവർ സാമൂഹ്യ അകലം പാലിക്കുന്നതിനായി കുട ചൂടി നിൽക്കണമെന്ന് വരെ കളക്ടർ നിർദ്ദേശം നൽകേണ്ട സാഹചര്യമുണ്ടായി.

Follow Us:
Download App:
  • android
  • ios