Asianet News MalayalamAsianet News Malayalam

ഛത്തിസ്ഗഡ്; സംവരണം 76 ശതമാനമാക്കി ഉയര്‍ത്തി ഛത്തിസ്ഗഡ് നിയമസഭ

പുതിയ ബില്ലുകൾ പ്രകാരം, സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും പട്ടികവർഗക്കാർക്ക് 32 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനവും പട്ടികജാതിക്കാർക്ക് 13 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 4 ശതമാനവും സംവരണം ഏർപ്പെടുത്തി. 

Chhattisgarh Assembly passed the amendment bills on reservation quota at 76 percentage
Author
First Published Dec 3, 2022, 1:22 PM IST


റായിപുര്‍:  ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സംവരണ വിഷയം പ്രശ്നകരമായി തുടരുമ്പോള്‍ ഛത്തിസ്ഗഡ് നിയമസഭ സർക്കാർ ജോലികളിലെ സംവരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട രണ്ട് ഭേദഗതി ബില്ലുകൾ ഏകകണ്ഠമായി പാസാക്കി. ഇതോടെ സംസ്ഥാനത്ത് സംവരണാനുകൂല്യം 76 ശതമാനമായി ഉയര്‍ന്നു. നിയമസഭ ഏകകണ്ഠമായി ബില്ല് പാസാക്കിയതിന് പിന്നാലെ ഇത് ചരിത്ര ദിവസമാണെന്നും സംവരണത്തിനായി ശരിയായ നിയമങ്ങൾ കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട ബിജെപി കാലത്തെ "പാപങ്ങൾ" തന്‍റെ സർക്കാർ കഴുകുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 

ഛത്തീസ്ഗഡ് പബ്ലിക് സർവീസ് (പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗ സംവരണം) ഭേദഗതി ബില്ലും ഛത്തീസ്ഗഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (പ്രവേശനത്തിൽ സംവരണം) ഭേദഗതി ബില്ലുമാണ് ഛത്തീസ്ഗഡ്  നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ചത്. ഏതാണ്ട് അഞ്ച് മണിക്കൂറിലധികം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ബില്ലുകള്‍ പാസാക്കിയത്. പുതിയ ബില്ലുകൾ പ്രകാരം, സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും പട്ടികവർഗക്കാർക്ക് 32 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനവും പട്ടികജാതിക്കാർക്ക് 13 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 4 ശതമാനവും സംവരണം ഏർപ്പെടുത്തി. 

സംസ്ഥാനത്തെ ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ആളുകളെ സർവേ ചെയ്യുന്നതിനായി 2019 ൽ തന്‍റെ സർക്കാർ രൂപീകരിച്ച ക്വാണ്ടിഫൈയബിൾ ഡാറ്റ കമ്മീഷൻ രൂപീകരിക്കാൻ മുൻ ബിജെപി സർക്കാരുകൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി ബാഗേൽ പറഞ്ഞു. കോവിഡ് -19 മഹാമാരിയുടെ വ്യാപനം കമ്മീഷന്‍റെ നടപടികൾ വൈകിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെയാണ് കമ്മീഷൻ സംസ്ഥാന സർക്കാരിന് ശുപാർശകൾ സമർപ്പിച്ചത്. കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയിൽ 42.41 ശതമാനം ഒബിസികളും 3.48 ശതമാനം ഇഡബ്ല്യുഎസ്സ് വിഭാഗവുമാണ്. നിയമസഭാ സ്പീക്കറുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കാണാനും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിന് കീഴിൽ ഈ ഭേദഗതി ബില്ലുകൾ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുമെന്നും ഇതിനായി എല്ലാ പാർട്ടികളിലെയും എംഎൽഎമാരോട് അഭ്യർത്ഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:  തമിഴ്നാട് സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിൻ, പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനം

കൂടുതല്‍ വായനയ്ക്ക്:  യാക്കോബായ സഭ ഭരണത്തിൽ 35% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; വികാരിമാർക്ക് സഭാ അധ്യക്ഷന്റെ നിർദ്ദേശം

കൂടുതല്‍ വായനയ്ക്ക്:  'വരുമാന പരിധി കൂടുതൽ'; സാമ്പത്തിക സംവരണ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് യെച്ചൂരി

കൂടുതല്‍ വായനയ്ക്ക്:  മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, നിരാശയുണ്ടാക്കുന്ന വിധിയെന്ന് മുസ്ലിംലീഗ്

 

Follow Us:
Download App:
  • android
  • ios