Asianet News MalayalamAsianet News Malayalam

'വരുമാന പരിധി കൂടുതൽ'; സാമ്പത്തിക സംവരണ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് യെച്ചൂരി

''വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്..''

Sitaram Yechury on Financial Reservation
Author
First Published Nov 7, 2022, 2:27 PM IST

ദില്ലി : സുപ്രീം കോടതി സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വരുമാന പരിധിയായ എട്ട് ലക്ഷം വളരെ കൂടുതലാണ്. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷമാണ്. എട്ട് ലക്ഷം പരിധിയായി‌ സ്വീകരീച്ചാൽ അർഹിക്കാത്തവർക്കും സംവരണം ലഭിക്കാനിടയാകും. ഭൂമിയുടെ‌ കാര്യത്തിലും ഇത് ബാധകമാണ്. സിപിഎം പാർലമെന്റിലും ഇക്കാര്യം എതിർത്തതാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിർപ്പുകൾ ഉയരുന്നത്‌ സ്വാഭാവികമാണ്. വിധിയുടെ അടിസ്ഥാനത്തിൽ ജാതി‌ സെൻസസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം സാമ്പത്തിക സംവരണത്തെ സ്വാ​ഗതം ചെയ്തു. മുന്നാക്ക സംവരണ വിധി കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക്  ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുത്. ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. 

കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി. 

Read More : 'ആശങ്ക ഉയർത്തുന്നു', സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും 

Follow Us:
Download App:
  • android
  • ios