നേരത്തേ കാർഷിക സർവകലാശാലയുടെ ബി.എസ്.സി. രണ്ടാംവർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാർഥികളും പൊലീസിന്റെ പിടിയിലായിരുന്നു. ഇതിനുപിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തിയത്.
റായ്പുർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിൽ(ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ) കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തൽ. ബി.എസ്.സി അഗ്രികൾച്ചർ ഒന്നാംവർഷ 'പ്ലാന്റ് പാത്തോളജി' പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിച്ചത്. ഇതോടെ ഓഗസ്റ്റിന് ഏഴിന് നടന്ന പ്ലാന്റ് പാത്തോളജി പരീക്ഷ സർവകലാശാല റദ്ദാക്കി.
നേരത്തേ കാർഷിക സർവകലാശാലയുടെ ബി.എസ്.സി. രണ്ടാംവർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാർഥികളും പൊലീസിന്റെ പിടിയിലായിരുന്നു. ഇതിനുപിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായി കണ്ടെത്തിയത്.
ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് ചോദ്യപേപ്പർ ചോർച്ചയിൽ അറസ്റ്റിലായ അധ്യാപകൻ. ഇയാൾ തന്നെയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നും പൊലീസ് പറഞ്ഞു. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സൂക്ഷിക്കാനുള്ള ചുമതല പ്രതിയ്ക്കായിരുന്നു. ഇത് മുതലെടുത്ത ഇയാൾ എൻഡോസ്കോപ്പി ക്യാമറയടക്കം ഉപയോഗിച്ചാണ് കവർ പൊട്ടിക്കാതെ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഈ ചോദ്യപേപ്പർ 11,000 രൂപയ്ക്ക് വിദ്യാർഥികൾക്ക് വിൽക്കുകയായിരുന്നു.