പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസായ രഞ്ജിത് സിങ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരേ ഗുരുതരമായ ആരോപണമുണ്ടായിരുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ പീഡനക്കേസ് ഒതുക്കിതീർക്കാൻ അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ പീഡനക്കേസ് ഒതുക്കിതീർക്കാൻ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ശിരോമണി അകാലിദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് മുഖ്യമന്ത്രിക്കും ആംആദ്മി സർക്കാരിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസായ രഞ്ജിത് സിങ് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരേ ഗുരുതരമായ ആരോപണമുണ്ടായിരുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ പീഡനക്കേസ് ഒതുക്കിതീർക്കാൻ അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ആരോപണങ്ങൾ അതീവഗൗരതരമാണെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് ഇഖ്ബാൽ സിങ് ലാൽപുര പറഞ്ഞു.
അതേസമയം, റിട്ട. ജഡ്ജിയുടെ ആരോപണങ്ങളെല്ലാം ഗുർപ്രീത് കൗറും ആംആദ്മി നേതാക്കളും നിഷേധിച്ചിട്ടുണ്ട്. സംഭവത്തിൽ റിട്ട. ജഡ്ജിക്ക് വക്കീൽ നോട്ടീസ് അയച്ചതായും ഗുർപ്രീത് കൗർ വ്യക്തമാക്കി. ആരോപണമുന്നയിച്ച റിട്ട. ജഡ്ജി കോൺഗ്രസ് നേതാവ് സുഖ്പാൽ ഖൈരയുടെ അടുത്തബന്ധുവാണെന്നും അവർ ആരോപിച്ചു.
അടിസ്ഥാനരഹിതമായ വാദങ്ങളും ആരോപണങ്ങളും ഉന്നയിക്കാൻ എളുപ്പമാണ്. പക്ഷേ, അത്തരം ആരോപണങ്ങളെല്ലാം നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഇതിന് മുൻപും ഞാൻ ഭയപ്പെട്ടിട്ടില്ല, ഇപ്പോഴും ഭയപ്പെടുന്നില്ല. എനിക്കെതിരേ സംസാരിക്കുന്നവർ ആദ്യം വസ്തുതകൾ കൃത്യമായി മനസിലാക്കണം. അല്ലെങ്കിൽ അവരെല്ലാം നിയമനടപടികൾ നേരിടാൻ തയ്യാറായിരിക്കണമെന്നും ഗുർപ്രീത് കൗർ പറഞ്ഞു.


