ഛത്തീസ്ഗഡിൽ ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ നടത്തിയ വെടിവെപ്പ് വിവാദമാകുന്നു. എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവമാണ് വിവാദത്തിനിടയാക്കിയത്.
റായ്പുർ: വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവം ചർച്ചയാകുന്നു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നടന്ന ആഘോഷ പരിപാടിക്കിടെ ആണ് വെടിവെപ്പ് നടന്നത്. 'ലേഡി സിങ്കം' എന്ന് അറിയപ്പെടുന്ന രാജ്നന്ദ്ഗാവ് എസ്പി അങ്കിത ശർമ ഐപിഎസ് ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷയും അച്ചടക്കവും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉൾപ്പെടെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വിജയദശമിയോട് അനുബന്ധിച്ചുള്ള ആയുധപൂജ രാജ്നന്ദ്ഗാവ് നഗരത്തിലെ പൊലീസ് ലൈൻസിൽ നടക്കുന്നതിനിടെ ആയിരുന്നു സംഭവം. ചടങ്ങിൽ പൊലീസിൻ്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥ എകെ-47 തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്തത്. കുറഞ്ഞത് 10 റൗണ്ടോളം വെടിയുതിർത്തതായി പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അങ്കിതയ്ക്ക് ശേഷം എഎസ്പി കിർത്തൻ റാത്തോറും എകെ-47 തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ പ്രതികരിച്ച ഉപമുഖ്യമന്ത്രി അരുൺ സാവോ, സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഇത്തരം വെടിവെപ്പുകൾ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ആർ കെ വിജ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു.
സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച മുൻ കരസേന ഉദ്യോഗസ്ഥൻ കെജിഎസ് ദില്ലൻ, ഉദ്യോഗസ്ഥ ആയുധം കൈകാര്യം ചെയ്തത് അങ്ങേയറ്റം അപകടകരമായ രീതിയിലാണെന്ന് ചൂണ്ടിക്കാണിച്ചു. ലോഡ് ചെയ്ത ആയുധം അങ്ങേയറ്റം അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ദില്ലൻ പറഞ്ഞു. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പൂർണമായും ലംഘിക്കപ്പെട്ടു. ആളുകൾ പശ്ചാത്തലത്തിൽ ഭയന്നുവിറച്ചു നിൽക്കുമ്പോൾ പോലും ലോഡ് ചെയ്ത തോക്ക് എല്ലാ ദിശകളിലേക്കും ചൂണ്ടുന്നതായി കാണാം. ഔദ്യോഗിക വസ്ത്രം ധരിക്കാതെ, അനുമതിയില്ലാത്ത ആവശ്യത്തിനായി സർവീസ് ആയുധം ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയാണ് ചെയ്യുന്നത്. പരിശീലന അക്കാദമികളിൽ പഠിപ്പിക്കുന്ന അടിസ്ഥാനപരമായ ആയുധ പരിശീലന രീതികൾ പോലും പാലിച്ചിട്ടില്ല. ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കാനും വലിയ പരിക്കുകൾക്ക് കാരണമാകാനുമുള്ള സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അച്ചടക്കലംഘനങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


