Asianet News MalayalamAsianet News Malayalam

ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല; ഇ ഡി സംഘം ജയിലിൽ നിന്ന് മടങ്ങി

ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ദില്ലിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ഇതോടെ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

Chidambaram's arrest not recorded ED team returned from prison
Author
Tihar Jail, First Published Oct 16, 2019, 10:32 AM IST

തിഹാർ: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തില്ല.  തിഹാർ ജയിലിലെത്തി ചിദംബരത്തെ ചോദ്യം ചെയ്തതിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം മടങ്ങി. ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇന്നലെ എൻഫോഴ്സ്മെന്റിന് ദില്ലിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ചോദ്യം ചെയ്തതിന് ശേഷം തിഹാർ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് ദില്ലി സിബിഐ കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ഇതോടെ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 

ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരും തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴി‌ഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ഇന്നലെ ചിദംബരത്തെ കോടതിയിൽ എത്തിച്ചെങ്കിലും കോടതിയിൽ വച്ച് തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിർന്ന അഭിഭാഷകനായ കബിൽ സിബൽ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇന്ന് തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ കോടതി അനുമതി നൽകിയത്. അറസ്റ്റിന് ശേഷം കസ്റ്റഡിക്ക് വേണ്ടിയുള്ള അപേക്ഷ നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കാൻ തുടങ്ങിയതിനിടെയാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്. 

ഓ​ഗസ്റ്റ് 21ന് അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 
 

Follow Us:
Download App:
  • android
  • ios