ദില്ലി: നിര്‍ഭയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  എസ് എ ബോബ്ഡെ പിന്മാറി. നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗിന്റെ പുനപരിശോധന ഹർജി പരിഗണിക്കുന്നതില്‍ നിന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. ചീഫ് ജസ്റ്റിസിന്റെ അനന്തിരവൻ അഡ്വക്കേറ്റ് അർജുൻ ബോബ്ഡേ ഇരയുടെ കുടുംബത്തിന് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. ഇക്കാരണത്താലാണ് ചീഫ് ജസ്റ്റിസിന്‍റെ പിന്മാറ്റമെന്നാണ് സൂചന. 

കേസിലെ മറ്റ് പ്രതികളുടെ പുനപരിശോധന ഹർജികൾ പരിഗണിച്ചപ്പോഴാണ് നിർഭയയുടെ കുടുംബത്തിനായി അർജുൻ ബോബ് ഡേ ഹാജരായത്. ഈ സാഹചര്യത്തില്‍ കേസില്‍  വലിയ സമ്മര്‍ദ്ദമുണ്ടെന്ന് അക്ഷയ് സിംഗിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് താന്‍ ഉള്‍പ്പെടുന്ന ബെഞ്ച് ഈ കേസ് പരിഗണിക്കേണ്ടതില്ലെന്നും പുതിയൊരു ബെഞ്ച് പരിഗണിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയതും കേസില്‍ നിന്ന് പിന്മാറിയതും. വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആർ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. പുതിയൊരു ബെഞ്ച് നാളെത്തന്നെ കേസ് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.  കേസിലെ പ്രതികളായ വിനയ് ശർമ്മ, പവൻകുമാർ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു.

കേസിൽ കുറ്റക്കാരാനായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച  തീഹാർ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. കേസിൽ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിങ്ങിന്‍റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു. കൂടാതെ കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ   മൂന്നാം ജയിലിന്‍റെ മരാമത്ത് പണികളും ഇതിനിടെ  പൂർത്തിയാക്കിയിരുന്നു

ഏഴ് വർഷങ്ങൾക്ക് മുമ്പ് 2012 ഡിസംബർ 16 ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. മൃതപ്രായയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങി.