Asianet News MalayalamAsianet News Malayalam

തെലങ്കാന മുഖ്യമന്ത്രിയെ കണ്ട് പിണറായിയും യെച്ചൂരിയും; മൂന്നാം മുന്നണി തെളിയുമോ?

കൂടിക്കാഴ്ചയില്‍ മൂന്നാം മുന്നണി സാധ്യത ചർച്ചയായി എന്നാണ് വിവരം. പ്രാദേശിക പാർട്ടികളുടെ സഖ്യസാധ്യത കെ ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചു.

chief minister Pinarayi Vijayan meeting with telangana cm
Author
Telangana, First Published Jan 8, 2022, 5:40 PM IST

ബംഗ്ലൂരു: മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) നടത്തിയത് നിര്‍ണായക രാഷ്ട്രീയ വ്യവസായ നീക്കങ്ങള്‍. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി (K Chandrashekar Rao) സിപിഎം നേതാക്കള്‍ക്കൊപ്പം പിണറായി കൂടിക്കാഴ്ച നടത്തി. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രാദേശിക പാര്‍ട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം തെലങ്കാനയിലെ കൂടുതല്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടരുകയാണ്.

ചന്ദ്രശേഖര്‍ റാവുവിന്‍റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചര്‍ച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖര്‍ റാവു തന്നെ യോഗത്തില്‍ മുന്നോട്ട് വച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സര്‍ക്കാര്‍, എസ്ആര്‍പിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു.

നേരത്തെ ഫെഡറല്‍ മുന്നണി നീക്കവുമായി മുന്നിട്ടിറങ്ങിയ നേതാവാണ് കെ ചന്ദ്രശേഖര്‍ റാവു. പിണറായിക്ക് പുറമേ എം കെ സ്റ്റാലിന്‍ കുമരസ്വാമി മമതാ ബാനര്‍ജി തുടങ്ങിയവരുമായി നേരത്തെ കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കേരളത്തിലേക്ക് നിക്ഷേപം ക്ഷണിക്കാന്‍ തെലങ്കാനയില്‍ കൂടുതല്‍ വ്യവസായികളുമായി ചര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മുഖ്യമന്ത്രി വിളിച്ച നിക്ഷേപസംഗമത്തില്‍ ഐടി ഫാര്‍മസി ഇല്ക്ട്രോണിക്സ് കമ്പനി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios