കുറേ സമയം കഴിഞ്ഞും കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തില്ല. തടിച്ചുകൂടിയവർ ബലം പ്രയോഗിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.  ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ദില്ലി: ഗംഗയിൽ മുങ്ങിയാൽ ക്യാൻസർ ഭേദമാകുമെന്ന വിശ്വാസത്തെ തുടർന്ന് അഞ്ചുവയസ്സുകാരനെ ​ഗം​ഗയിൽ മുക്കിയപ്പോൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതാപിതാക്കൾ നോക്കി നിൽക്കെ കുട്ടിയുടെ അമ്മായിയാണ് ​കൊടുംതണുപ്പത്ത് ​ഗം​ഗയിൽ മുക്കിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നി​ഗമനം. ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ അമ്മായിയാണ് കരച്ചിൽ അവഗണിച്ച് ഗംഗയിലെ വെള്ളത്തിൽ ശ്വാസംമുട്ടി മരിക്കുന്നതുവരെ കുട്ടിയെ മുക്കിയത്. സമീപത്തുണ്ടായിരുന്നുവർ യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർ അവ​ഗണിച്ചെന്ന് പൊലീസ് പറഞ്ഞു.

ദൃക്‌സാക്ഷികളാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് ഹർ-കി-പൗരി പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഭാവ്‌ന കൈന്തോള പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി എസ്എച്ച്ഒ അറിയിച്ചു. രക്താർബുദം ബാധിച്ച കുട്ടി ദില്ലിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്നുവെന്നും അവർ പറഞ്ഞു. കുട്ടി മരിച്ചെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

 കുടുംബം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഹരിദ്വാറിൽ എത്തിയത്. കുട്ടിക്കൊപ്പം മാതാപിതാക്കളും ബന്ധുവായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇവരെ കൊണ്ടുവന്ന ക്യാബ് ഡ്രൈവർ പറഞ്ഞു. കുട്ടിക്ക് തീരെ സുഖമില്ലായിരുന്നുവെന്നും കാൻസർ ബാധിതനാണെന്നും വീട്ടുകാർ പറഞ്ഞതായും ഡോക്ടർമാർ കൈയൊഴിഞ്ഞതായും ഡ്രൈവർ പറഞ്ഞു. കുട്ടിയെ അമ്മായി വെള്ളത്തിൽ മുക്കിയപ്പോൾ മാതാപിതാക്കൾ പ്രാർത്ഥന ചൊല്ലുന്നത് വീഡിയോയിൽ കാണാം.

Read More.... ബ്ലഡ് ക്യാൻസര്‍ മാറാൻ ഗംഗയില്‍ നിര്‍ബന്ധിച്ച് ഇറക്കി; അഞ്ച് വയസുകാരൻ മരിച്ചു

കുറേ സമയം കഴിഞ്ഞും കുട്ടിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തില്ല. തടിച്ചുകൂടിയവർ ബലം പ്രയോഗിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ അമ്മായി മൃതദേഹത്തിനരികിലിരുന്ന് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറയുന്നതും വീഡിയോയിൽ കാണാം.