ബന്ധുവായ സ്ത്രീ ആണത്രേ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയത്. ഈ സമയത്ത് മാതാപിതാക്കള്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. ഈ സംഭവത്തിന്‍റെ ഒരു വീഡിയോ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്

രോഗങ്ങള്‍ മാറാൻ വിശ്വാസത്തെ മാത്രം ആശ്രയമാക്കുന്നത് എപ്പോഴും അപകടമേ വിളിച്ചുവരുത്തൂ. ഇത്തരത്തില്‍ ദാരുണമായൊരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് ഇന്ന് വന്നിരിക്കുന്നത്. ബ്ലഡ് ക്യാൻസര്‍ അഥവാ രക്താര്‍ബുദം മാറാൻ നിര്‍ബന്ധിച്ച് ഗംഗയിലിറക്കി മുക്കിയതിനെ തുടര്‍ന്ന് അഞ്ച് വയസുകാരൻ മരിച്ചു എന്നതാണ് വാര്‍ത്ത. 

ദില്ലിയില്‍ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെയാണ് ഹരിദ്വാറിലെത്തിയത്. രോഗിയായ ബാലനൊപ്പം മാതാപിതാക്കളും ബന്ധുവായ സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. യാത്രയില്‍ തന്നെ ബാലൻ അവശനിലയിലായിരുന്നുവെന്നും മകന് ക്യാൻസറാണ്, ദില്ലിയിലെ ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞുവെന്ന് അവര്‍ തന്നോട് പറഞ്ഞതായും ഡ്രൈവര്‍ അറിയിക്കുന്നു. 

ബന്ധുവായ സ്ത്രീ ആണത്രേ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയത്. ഈ സമയത്ത് മാതാപിതാക്കള്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. ഈ സംഭവത്തിന്‍റെ ഒരു വീഡിയോ പലയിടങ്ങളിലും പ്രചരിക്കുന്നുണ്ട്. 

സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണത്രേ കുട്ടി മുങ്ങിയ ശേഷം വെള്ളത്തിന് പുറത്തേക്ക് വരുന്നില്ല, ഒന്ന് നോക്കൂ എന്ന് അന്വേഷിച്ചത്. കുട്ടിക്ക് വയ്യല്ലോ, ഇനി ഇത് ചെയ്യണ്ട എന്നും ഇവര്‍ പറഞ്ഞുവത്രേ. പക്ഷേ ഇതൊന്നും കുടുംബം ചെവിക്കൊണ്ടില്ല. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ബലമായി കുഞ്ഞിനെ അവരുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നുവത്രേ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിന് മുമ്പായി തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കുട്ടി മുങ്ങി മരിക്കുന്നതും, ശേഷം ആളുകള്‍ കുട്ടിയെ എടുത്ത് കിടത്തിയ ശേഷം സമീപത്തിരുന്ന് ബന്ധുവായ സ്ത്രീ ശബ്ദമുണ്ടാക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം. ഏറെ അസ്വസ്ഥതപ്പെടുത്തുന്ന വീഡിയോകള്‍ വ്യാപകമായ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

രോഗശാന്തിക്കായി വിശ്വാസങ്ങളെ മാത്രം ആശ്രയിക്കുന്നത്, അന്ധവിശ്വാസങ്ങളെ ആശ്രയിക്കുന്നത്, മന്ത്രവാദത്തില്‍ അഭയം തേടുന്നത് എല്ലാം അപകടകരമാണ് എന്ന് എത്ര ബോധവത്കരിച്ചാലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് വേദനാജനകമാണ്. 

സോഷ്യല്‍ മീഡിയയില്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള അപക്വമായ സമീപനം നടത്തുന്നവര്‍ ആരായാലും, അത് മാതാപിതാക്കള്‍ ആയാല്‍ പോലും നിയമനടപടിയുണ്ടാകണം, എങ്കിലേ ഇനിയും ഇതുപോലുള്ള ആവര്‍ത്തനങ്ങള്‍ വരാതിരിക്കൂ എന്നാണ് ഏവരും പറയുന്നത്. 

രക്താര്‍ബുദം (ബ്ലഡ് ക്യാൻസര്‍) കുട്ടികളെ ബാധിക്കുന്ന ക്യാൻസറുകളില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്നതാണ്. പ്രത്യേകിച്ച് പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളെ. രക്താര്‍ബുദം തന്നെ പല തീവ്രതകളില്‍ കുട്ടികളില്‍ കാണാം. ചിലരില്‍ വളരെ പതിയെ മാത്രമാണ് രക്താര്‍ബുദം പുരോഗമിക്കുക. പക്ഷേ ഇങ്ങനെയുള്ള കേസില്‍ രോഗം ഗുരുതരമായ നിലയില്‍ കാര്യമായ ലക്ഷണങ്ങള്‍ വരുമ്പോള്‍ ആയിരിക്കും രോഗം മനസിലാക്കപ്പെടുക. ചിലരിലാകട്ടെ രോഗം കണ്ടെത്തുമ്പോഴേക്ക് പെട്ടെന്ന് തന്നെ രോഗം തീവ്രമാകുന്ന അവസ്ഥയായിരിക്കും. 

പൊതുവില്‍ കുട്ടികളിലെ രക്താര്‍ബുദം അല്‍പം പേടിക്കേണ്ടത് തന്നെയാണ്. കാരണം ഇതില്‍ നിന്നുള്ള മുക്തി ഏറെ പ്രയാസകരമാണ്. വിളര്‍ച്ചയാണ് കുട്ടികളിലെ രക്താര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണം. അതായത് ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥ. പെട്ടെന്ന് പരുക്കുകളും അണുബാധകളുമുണ്ടാവുക, പെട്ടെന്ന് ബ്ലീഡ് ചെയ്യുക, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളെ വച്ച് വിളര്‍ച്ച നമുക്ക് മനസിലാക്കാൻ സാധിക്കും. വിളര്‍ച്ച കണ്ടെത്തിയാല്‍ അതിനോട് അനുബന്ധമായി ക്യാൻസര്‍ നിര്‍ണയവും ചെയ്യാൻ സാധിക്കും. എല്ലാത്തിനും സമയബന്ധിതമായി ആശുപത്രിയില്‍ പോയി വേണ്ട ചികിത്സയോ പരിശോധനകളോ എടുക്കാൻ തയ്യാറാകണം.

ക്യാൻസര്‍ രോഗത്തിന് എന്നല്ല, ഏതൊരു രോഗത്തിനായാലും മതിയായ ചികിത്സ, ആശുപത്രിയില്‍ പോയിത്തന്നെ എടുക്കണം. വിശ്വാസങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം ചികിത്സയ്ക്കൊപ്പം ചെയ്യാവുന്നതാണ്. അതല്ലാതെ വിശ്വാസത്തെയോ അന്ധവിശ്വാസത്തെയോ മുൻനിര്‍ത്തി രോഗങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തവും അപകടവുമാണ്.

Also Read:- തലച്ചോറിനെ അഥവാ ബുദ്ധിയെ നെഗറ്റീവ് ആയി ബാധിക്കുന്ന ശീലങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo