മൊബൈൽ ഫോൺ ചാർ‌ജ് ചെയ്തതിനുശേഷം സ്വിച്ച് ഓഫ് ചെയ്യാതെ പ്ല​ഗ്ഗില്‍തന്നെ ചാർജർ കുത്തിയിട്ടതാണ് ഷോക്കേൽക്കാൻ കാരണം. 

മീററ്റ്: മൊബൈൽ ഫോൺ ചാർജർ വായിലിട്ട രണ്ട് വയസ്സുകാരിക്ക് ഷോക്കേറ്റു. മൊബൈൽ ഫോൺ ചാർ‌ജ് ചെയ്തതിനുശേഷം സ്വിച്ച് ഓഫ് ചെയ്യാതെ പ്ല​ഗ്ഗില്‍തന്നെ ചാർജർ കുത്തിയിട്ടതാണ് ഷോക്കേൽക്കാൻ കാരണം. ബുലന്ദ്ഷഹറിലെ ജഹാം​ഗിർബാദിൽ ശനിയാഴ്ചയാണ് സംഭവം.

മുത്തശ്ശിയുടെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു റസിയ. വീട്ടിൽനിന്ന് കളിക്കുന്നതിനിടെയാണ് ചാർജർ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്ത് കിട്ടിയാലും വായിലിടുക എന്നത് ഈ പ്രായത്തിലുള്ള കുട്ടികളുടെ ശീലമാണ്. റസിയയും അത് തന്നെയാണ് ചെയ്തത്. മൊബൈൽ ഫോൺ ചാർ‍‍ജ് ചെയ്തതിന് ശേഷം ചാർജർ ഊരിമാറ്റി സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. ഇതറിയാതെ റസിയ ചാർ‍ജറിന്റെ പിൻ വായിൽ ഇടുകയായിരുന്നു. പിൻ വായിലിട്ടതും കുട്ടിക്ക് ഷോക്ക് അടിച്ചും ഒരുമിച്ചായിരുന്നു. സംഭവത്തിൽ കുടുംബത്തിലുള്ളവരാരും ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് ജഹാം​ഗീർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് പ്രധാൻ പറഞ്ഞു.

അതേസമയം മൊബൈൽ ഫോൺ ചാർ‌ജ് ചെയ്യുന്ന സമയത്ത് ഷോക്കേൽക്കുന്നത് വളരെ അപൂര്‍വ്വമാണ്. ചാർജ് ചെയ്യുമ്പോൽ വളരെ കുറച്ച് വൈദ്യുതി മാത്രമേ പ്രവഹിക്കുന്നുള്ളു. എന്നാൽ മോശമായ പ്ല​ഗോ ചാർജറോ കാരണം ഷോക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ‌ ​ഗുണമേൻമയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾ മാത്രമേ വാങ്ങിക്കുവാൻ പാടുള്ളുവെന്ന് വിദ​ഗ്‍ദർ നിർദ്ദേശിക്കുന്നു.