Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് മൂലം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ; കേരളത്തിൽ 49 കുട്ടികൾ

അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കാൻ കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി.

Child rights commission on orphened children due to Covid
Author
Delhi, First Published Jun 2, 2021, 1:39 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് കാരണം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിൽ 49 കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കാൻ കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം നൽകി.

മഹാമാരിക്കാലത്തെ കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള കേസിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ ഈ കണക്ക് സമർപ്പിച്ചത്. 1742 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായി. 7464 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടു. കൊവിഡ് കാലത്ത് ബന്ധുക്കൾ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. സംരക്ഷണം ആവശ്യമായവരിൽ 4486 പെൺകുട്ടികളും 4860 ആൺകുട്ടികളുമാണുള്ളത്. കേരളത്തിലെ 49 കുട്ടികൾ കൊവിഡിൽ അനാഥരായി എന്ന കണക്കാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നല്‍കിയത്. 8 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 895 കുട്ടികൾക്ക് അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമായി. കേരളത്തിൽ സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം ആകെ 952 ആണ്. 

കണക്കുകൾ പരിശോധിച്ച കോടതി സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. കേസിൽ അമിക്കസ് ക്യൂറിയായ ഗൗരവ് അഗർവാളിന് വിവരങ്ങൾ കൈമാറുന്നതിനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി പത്ത് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കേരളം , തമിഴ്നാട്, തെലുങ്കാന,കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ ബിഹാർ ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങൾക്കും വൈകാതെ ഈ നിർദേശം നൽകുമെന്ന് കോടതി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios