ലേ: ലഡാക് അതിര്‍ത്തിയിൽ ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ സൈന്യത്തെ അയച്ച് ഇന്ത്യ. ചൈനീസ് സൈനിക താവളത്തിന് 500 മീറ്റര്‍ വ്യത്യാസത്തിലാണ് ഇന്ത്യയുടെയും സൈനിക വിന്യാസം. കഴിഞ്ഞ നാല് മാസത്തിനിടെ ലഡാക്കിൽ മാത്രം 130 തവണയാണ് ചൈന അതിര്‍ത്തി ലംഘിച്ചത്.

കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം കൂടുന്നത്. കഴിഞ്ഞ 4 മാസത്തിനിടെ ലഡാക്കിൽ 130 തവണ ചൈന അതിര്‍ത്തി ലംഘിച്ചു. അതിര്‍ത്തിയിൽ രണ്ട് കിലോമീറ്ററിലധികം ഇന്ത്യൻ മേഖലയിലേക്ക് കടന്നാണ് ചൈനീസ് പട്ടാളം ഇവിടെ ടെന്‍റുകൾ നിര്‍മ്മിച്ച് നിരീക്ഷണം ശക്തമാക്കുന്നത്. അതിര്‍ത്തി ഇന്ത്യൻ ഭാഗത്തേക്ക് ചൈന പതിയെ നീക്കാനാണ് ശ്രമിക്കുന്നത്.  

800 മുതൽ 1000വരെ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍നിരീക്ഷണവും ശക്തമാക്കി. ഇതോടെയാണ് ഇന്ത്യയും അത്ര തന്നെ സൈനികരെ 500 മീറ്റര്‍ വ്യത്യാസത്തിൽ വിന്യസിച്ചത്. പാംഗോഗ് മേഖലയിലായിരുന്നു മെയ് ആദ്യവാരത്തിൽ ചൈന പ്രകോപനമുണ്ടാക്കിയതെങ്കിൽ ഇപ്പോഴത് ലഡാക്കിലെ ഗാൽവാൻ നദീതടങ്ങളിലേക്കും വ്യാപിച്ചു. അഞ്ച് തവണ സൈനിക യൂണിറ്റ് തലവന്മാര്‍ തമ്മിൽ ചര്‍ച്ച നടത്തിയെങ്കിലും അവകാശവാദം ശക്തമാക്കാനാണ് ചൈനീസ് പട്ടാളം ശ്രമിച്ചത്. 

ഇത് സ്ഥിതി സങ്കീര്‍ണമാകുന്നു. വെള്ളായഴ്ച കരസേന മേധാവി ജനറൽ എം.എം.നരവനെ ലഡാക്കിലെത്തി സ്ഥിതി വലിയിരുത്തിയിരുന്നു. 2015ന് ശേഷമാണ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം കൂടുന്നത്. 2015ന് ശേഷം 75 ശതമാനം അതിര്‍ത്തി ലംഘനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിൽ സൈനിക ശക്തികൂട്ടിയെങ്കിലും രാഷ്ട്രീയ-തയതന്ത്ര തലത്തിലാണ് പ്രശ്നപരിഹാരം ഉണ്ടാകേണ്ടതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നു.