Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ വെടിവയ്പ്പ്: ഔദ്യോഗിക സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ

ഇന്ത്യ ചൈന അതിർത്തിയിൽ വെടിവയ്പ് 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

china confirms that firing happened at india china border alleges india fired first awaiting Indian army response
Author
Delhi, First Published Sep 8, 2020, 6:15 AM IST

ദില്ലി: ഇന്ത്യാ ചൈനാ അതിർത്തിയിൽ വെടിവയ്പ്പ് നടന്നെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യൻ സേനയാണ് ആദ്യം വെടിവച്ചതെന്ന് ചൈനീസ് സേനാ വക്താവ് ഷാങ് ഷൂയി ആരോപിച്ചു. തിരിച്ചടിച്ചു എന്നുമാണ് ചൈനീസ് സേനയുടെ വിശദീകരണം. ചൈനയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യ ചെറുത്തുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ  ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യ ചൈന അതിർത്തിയിൽ 40 കൊല്ലത്തിനു ശേഷമാണ് വെടിവയ്പ്പ് നടക്കുന്നത്. ഇന്ത്യയുടേത് ഗുരുതരമായ പ്രകോപനമാണെന്നും ചൈനീസ് സേന പറയുന്നു. കിഴക്കൻ ലഡാക്ക് സെക്ടറിലെ അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. ഫിംഗർ ഏരിയ ഉൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രിൽ-മെയ് മാസങ്ങൾ മുതൽ സംഘർഷത്തിലാണ്.  

ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. കഴിഞ്ഞ മൂന്ന് മാസമായി അഞ്ച് ലെഫ്റ്റനന്റ് ജനറൽ ലെവൽ ചർച്ചകൾ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നു. പ്രതിരോധ മന്ത്രിമാരും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുരാജ്യങ്ങളും പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം സൈനിക ശക്തി വർധിപ്പിച്ചിട്ടുണ്ട്. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഡാക്കിൽ തങ്ങിയ കരസേന മേധാവി ജനറൽ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു. 

ചൈന പ്രകോപനം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന മറുപടി നൽകിയത്.  

Follow Us:
Download App:
  • android
  • ios