Asianet News MalayalamAsianet News Malayalam

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ മികച്ചവ; ഉപയോഗിക്കുന്നതിന്‍റെ പ്രശ്നമെന്ന് ചൈനീസ് കമ്പനികള്‍

വിദഗ്ധ പരിശോധനയ്ക്ക് ശേഷം കിറ്റുകളില്‍ പ്രശ്നം കണ്ടെത്തിയാല്‍ കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കുകയോ പുതിയ കിറ്റുകള്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു.

china firms blame health workers in India for fault in rapid test kits
Author
Beijing, First Published Apr 24, 2020, 9:27 PM IST

ബയ്ജിംഗ്: ഇന്ത്യയില്‍ പലയിടത്തും തെറ്റായ പരിശോധനാഫലം നല്‍കിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ചൈനീസ് കമ്പനികള്‍. റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പ്രശ്നമല്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളാണിതെന്നുമാണ് ചൈനീസ് കമ്പനികളുടെ അവകാശവാദം. ലിവ്‍സോണ്‍ ഡയഗണോസ്റ്റിക്സ്, വോണ്‍ഡ്ഫോ ബയോടെക് എന്നീ കമ്പനികളില്‍ നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് ഇന്ത്യ വാങ്ങിയത്.

ഇത് സംസ്ഥാനങ്ങള്‍ക്കായി ഐസിഎംആര്‍ വിതരണം ചെയ്തു. എന്നാല്‍, രാജസ്ഥാനിലും പശ്ചിമ ബംഗാളിലും അടക്കം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ തെറ്റായ ഫലമാണ് ലഭിച്ചത്. ഇതോടെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കിറ്റുകളില്‍ പ്രശ്നം കണ്ടെത്തിയാല്‍ കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കുകയോ പുതിയ കിറ്റുകള്‍ ആവശ്യപ്പെടുകയോ ചെയ്യുമെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു.

എന്നാല്‍, ലോകം മുഴുവന്‍ ഇതേ കിറ്റുകള്‍ തന്നെയാണ് അയക്കുന്നതെന്നും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നുമാണ് ചൈനീസ് കമ്പനികള്‍ പറയുന്നത്. കൃത്യമായ രീതിയില്‍ കിറ്റുകള്‍ ഉപയോഗിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു. എന്നാല്‍, കിറ്റുകള്‍ ലോകമാകെ വിതരണം ചെയ്യുന്നതിന് മുമ്പ് ചൈനീസ് കമ്പനികള്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയില്ലെന്ന് ഇന്ത്യയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍ പറഞ്ഞു.

കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് കൂടുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ലെന്നും ഡോ മുബാഷിര്‍ അലി പറഞ്ഞു. പരിശോധനാഫലങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ കിറ്റുകള്‍ മാറ്റിവാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios