Asianet News MalayalamAsianet News Malayalam

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് ഒടുവിൽ സമ്മതിച്ച് ചൈന

 നാല് പേർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിക്കുന്നത്.

China reveals names of soldiers killed by Indian soldiers in Galwan clash
Author
Delhi railway station, First Published Feb 19, 2021, 8:37 AM IST

ദില്ലി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് എട്ട് മാസങ്ങൾക്ക് ശേഷം സമ്മതിച്ച് ചൈന. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന പുറത്ത് വിട്ടു. നാല് സൈനികർക്ക്
മരണാനന്തര ബഹുമതി നല്കിയെന്നും കമാൻഡറിന് ഗുരുതര പരിക്കേറ്റെന്നുമാണ് ചൈനീസ് സെൻട്രൽ മിലിട്ടറി കമ്മീഷൻ സ്ഥിരീകരിച്ചത്. 

ജൂൺ പതിനഞ്ചിന് ഗൽവാനിൽ ചൈനീസ് കടന്നുകയറ്റം തടഞ്ഞ് വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികരായിരുന്നു. കേണൽ സന്തോഷ് ബാബു ഉൾപ്പടെയുള്ള ഇന്ത്യൻ സൈനികർ ചൈനീസ് സേനയെ ധീരമായി നേരിട്ടാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ചൈനീസ് ഭാഗത്ത് 37 മുതൽ 45 വരെ പേർ മരിച്ചിട്ടുണ്ടാകുമെന്ന് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ റിപ്പോർട്ടുകൾ വന്നു. നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം തള്ളിയെങ്കിലും ഇതാദ്യമായി ചൈന മരണം സ്ഥീരീകരിക്കുകയാണ്. 

സംഘർഷത്തിൽ മരിച്ച ഒരു സൈനികന് ഹീറോ ടു ഡിഫൻഡ് ദ ബോർഡർ ബഹുമതിയും മൂന്നു പേർക്ക് ഫസ്റ്റ് ക്ളാസ് മെറിറ്റ് ബഹുമതിയും മരണാനന്തരം നൽകുന്നു എന്നാണ് ചൈന വ്യക്തമാക്കിയത്. മേഖലയിലെ ചൈനീസ് പീപ്പിൾസ് ആർമി കമാൻഡർ കി ഫാബോയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റെന്നും ഹീറോയിക് റജിമൻറൽ കമാൻഡർ ടു ഡിഫൻസ് ബോർഡർ നല്കുന്നു എന്നും സെൻട്രൽ മിലിട്ടറി കമ്മീഷനെ ഉദ്ധരിച്ച് ഔദ്യോഗിക ചൈനീസ് മാധ്യമങ്ങൾ അറിയിച്ചു. 

ഇന്ത്യ എന്ന് പരമാർശിക്കാതെ വിദേശസൈന്യവുമായുള്ള ഏറ്റുമുട്ടൽ എന്നാണ് ചൈനീസ് മാധ്യമം പറയുന്നത്.  സൈനിക പിൻമാറ്റം പൂർത്തിയായ ശേഷമാണ് ചൈന വിവരങ്ങൾ പുറത്തു വിടുന്നത്. ഗോഗ്ര ഹോട്ട്സ്പ്രിംഗ് ദെപ്സാങ് മേഖലകളിലെ പിൻമാറ്റം തീരുമാനിക്കാൻ ഇന്ത്യ ചൈന കമാൻഡർ തല ചർച്ച നാളെ നടക്കും. ചൈനീസ് കടന്നുകയറ്റം ആഗോള പ്രതിഷേധം ക്ഷണിച്ചു വരുത്തുമ്പോഴാണ് മരിച്ച സൈനികരുടെ പേര് വെളിപ്പെടുത്തി ഏറ്റുമുട്ടൽ ഏകപക്ഷീയമല്ലെന്ന സന്ദേശം നൽകാനുള്ള ചൈനയുടെ നീക്കം

Follow Us:
Download App:
  • android
  • ios