ദില്ലി: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മൂന്ന് ചൈനീസ് ബാങ്കുകള്‍  റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ നിയമനടപടി സ്വീകരിച്ചു. 680 ദശലക്ഷം ഡോളര്‍ (68 കോടി ഡോളര്‍- ഏകദേശം 4800കോടി  ഇന്ത്യന്‍ രൂപ) വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ചൈനീസ് ബാങ്കുകള്‍  ലണ്ടന്‍ കോടതിയെ സമീപിച്ചത്.

ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ കമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ചൈന ഡെവലപ്മെന്‍റ് ബാങ്ക്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്. മൂന്ന് ബാങ്കുകള്‍ 2012ലാണ് 925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ  നല്‍കിയത്. 2017ഫെബ്രുവരി മുതല്‍ അനില്‍ അംബാനി വായ്പ തിരിച്ചടവില്‍ മുടക്ക് വരുത്തിയതായി ഐസിബിസി അഭിഭാഷകന്‍ ബാന്‍കിം താന്‍കി പറഞ്ഞു.