നാഷണൽ കാപ്പിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(NCRTC) ദില്ലിയിൽ പണിയാൻ പോകുന്ന 60 കിലോമീറ്റർ നീളമുള്ള അതിവേഗ തീവണ്ടിപ്പാതയ്ക്ക് - റീജിയണൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (RRTS) - വേണ്ടി ഒരു തുരങ്കം പണിയാനുള്ള കരാർ, കഴിഞ്ഞ ദിവസം ചൈനീസ് കമ്പനിയായ ഷാങ്ഹായി ടണൽ എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിന് അനുവദിച്ചുകൊണ്ട് ഉത്തരവായി. 5.6 കിലോമീറ്റർ ആണ് ഈ തുരങ്കത്തിന്റെ നീളം. ദില്ലിയിൽ നിന്ന് മീററ്റ് വരെ നീളുന്ന ഈ അതിവേഗ തീവണ്ടിപ്പാതയുടെ ന്യൂ അശോക് നഗർ മുതൽ സാഹിബാബാദ് വരെയുള്ള സ്ട്രെച്ചിൽ ആണ് ഈ തുരങ്കം വരാൻ പോകുന്നത്. 

 രാജ്യത്തെ ആദ്യത്തെ RRTS പാതയുടെ കമ്മീഷനിങ്ങിനു ചുമതല നൽകപ്പെട്ട NCRTC, കൃത്യമായ പ്രവൃത്തിക്രമങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് ഈ കരാർ പ്രസ്തുത ചൈനീസ് കമ്പനിക്ക് നൽകപ്പെട്ടത് എന്നറിയിച്ചു. ഇന്ത്യയും ചൈനയും ലഡാക്കിൽ പരസ്പരം സംഘർഷത്തിൽ ആയ സാഹചര്യത്തിൽ ഇങ്ങനെ ഒരു ചൈനീസ് കമ്പനിക്ക് രാജ്യതലസ്ഥാനത്ത് നിർണായകമായ ഒരു ഭൂഗർഭ പാതക്കുള്ള കരാർ അനുവദിച്ചത് കഴിഞ്ഞ വര്ഷം ജൂണിൽ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

82 കിലോമീറ്റർ ദൂരമുള്ള ദില്ലി-ഗാസിയാബാദ്-മീററ്റ് കോറിഡോർ പദ്ധതിക്ക് വേണ്ട ഫണ്ട് നൽകുന്നത് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് ആണ്. ബാങ്കിന്റെ മാർഗനിർദേശങ്ങൾ പ്രകാരം ബാങ്കിന്റെ അംഗരാജ്യങ്ങളിൽ ഉള്ള ഏത് നിർമാണ കമ്പനികൾക്കും ടെണ്ടർ നൽകാം. ഒരു തരത്തിലുള്ള പക്ഷപാതിത്വപരമായ സമീപനവും ഒരു കമ്പനിയോടും പാടില്ല എന്നൊക്കെ നിബന്ധനകളുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ പാഞ്ഞുപോകാൻ സാധിക്കുന്ന തീവണ്ടികളാണ് ഈ യാത്ര സംവിധാനത്തിന്റെ ഭാഗമാവുക. 2025 -ൽ പദ്ധതി പരിപൂർണമായും പ്രവൃത്തി സജ്ജമാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു.